X
    Categories: columns

തമിഴക രാഷ്ട്രീയവും രജനിയുടെ പിന്‍മാറ്റവും

എം ചന്ദ്രശേഖര്‍

ഈ വര്‍ഷം കേരളത്തിനൊപ്പം നടക്കുന്ന തമിഴ്‌നാട് നിയമസഭാതെരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ രാഷ്ട്രീയ കക്ഷി ആരംഭിക്കുന്നതിനുള്ള തീരുമാനത്തില്‍നിന്ന് പിന്‍മാറാനുള്ള സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പ്രഖ്യാപനം തമിഴക രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ക്കാണ് ഇടവരുത്തിയത്. തമിഴ് രാഷ്ട്രീയത്തില്‍ പിന്‍വാതിലിലൂടെ കയറിപ്പറ്റാനുള്ള ബി.ജെ.പി നീക്കത്തിനാണ് പ്രധാനമായും ഇത് തടയിട്ടത്. രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന തീരുമാനം രജനി പ്രഖ്യാപിച്ചത് ഡിസംബര്‍ 29നാണ്. ആരോഗ്യപ്രശ്‌നങ്ങളും കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ആശങ്കകളും ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചത്.

രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകളെ തുടര്‍ന്ന് ഏതാനും ദിവസംമുമ്പ് താരത്തെ ഹൈദരാബാദിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആസ്പത്രിയില്‍ പ്രവേശിക്കേണ്ടി വന്നത് ദൈവം തനിക്ക് നല്‍കിയ മുന്നറിയിപ്പായാണ് കാണുന്നതെന്ന് പാര്‍ട്ടി രൂപീകരണത്തില്‍നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിക്കവെ രജനീകാന്ത് പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് താന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാല്‍ തന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും 71 കാരനായ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2021 ജനുവരിയില്‍ രജനി പുതിയ പാര്‍ട്ടി ആരംഭിക്കുമെന്നായിരുന്നു നേരത്തെനടത്തിയ പ്രഖ്യാപനം. മേയില്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാര്‍ട്ടി പ്രഖ്യാപനം തീരുമാനിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവേയാണ് പാര്‍ട്ടി രൂപീകരണ നീക്കത്തില്‍നിന്ന് പിന്‍മാറിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവന. രജനീകാന്ത് അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്ന പുതിയ സിനിമയായ അണ്ണാത്തെയിലെ ഏതാനും ക്രൂ അംഗങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും രജനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതിന്‌ശേഷമാണ് പുതിയ തീരുമാനം പുറത്ത് വന്നത്.

കോവിഡ് പകര്‍ച്ചവ്യാധിയുട സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവേശനം നടത്തിയാല്‍ അത് ആരോഗ്യസ്ഥിതിയെ ബാധിക്കുമെന്ന വസ്തുത അദ്ദേഹത്തിന്റെ ആരാധകരില്‍ പലരും ശരിവെക്കുന്നുണ്ട്. ബി.ജെ.പിയെ സംബന്ധിച്ച് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം അനിവാര്യതയാണെന്നും വിലയിരുത്തപ്പെട്ടിരുന്നു. സംഘ്പരിവാറിന്റെ കാഴ്ചപ്പാടുള്ള രജനിയുടെ രാഷ്ട്രീയ പ്രവേശം തമിഴ്‌നാട്ടില്‍ ദ്രാവിഡ വിരുദ്ധ മുന്നണി കെട്ടിപ്പടുക്കുന്നതിന് ബി.ജെ.പിക്ക് അനിവാര്യമാണെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.
തന്റെ ആരോഗ്യനിലയെയും കോവിഡ് 19 മഹാമാരിയും രാഷ്ട്രീയപ്രവേശന തീരുമാനത്തില്‍നിന്നുള്ള പിന്നോട്ടുപോക്കിന് കാരണമായി രജനി പറഞ്ഞിരുന്നു. താന്‍ കഴിക്കുന്ന രോഗപ്രതിരോധ മരുന്നുകളെക്കുറിച്ചടക്കം അദ്ദേഹം പ്രസ്താവനയില്‍ പരാമര്‍ശിച്ചു. എന്നാലും, 2017 ഡിസംബറില്‍ താരം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സമയത്തും കഴിഞ്ഞ മാസം തുടക്കത്തില്‍ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് പ്രഖ്യാപിച്ചപ്പോഴും രജനീകാന്തിന് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു.

രക്തസമ്മര്‍ദ്ദത്തില്‍ ഉണ്ടായ ചെറിയ ഏറ്റക്കുറച്ചില്‍ താരത്തിന്റെ മനസ്സ് മാറ്റാന്‍ ഇടയാക്കിയിട്ടുണ്ടോ എന്നാണ് രാഷ്ട്രീയ പ്രവേശനത്തില്‍നിന്ന് പിന്‍മാറുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഉയരുന്ന ചോദ്യം. എന്നാല്‍ ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളോട് വിലപേശാനുള്ള തന്ത്രപരമായ നീക്കമായാണ് ഇതിനെ ചില വിമര്‍ശകര്‍ കാണുന്നത്. എന്നാല്‍ ബി.ജെ.പിയുമായി തനിക്കുണ്ടായിരുന്ന ബാധ്യതകളില്‍നിന്ന് രക്ഷപ്പെടാനാണ് രജനീകാന്ത് യഥാര്‍ത്ഥത്തില്‍ ശ്രമിക്കുന്നതെന്നാണ് രജനീകാന്ത് ക്യാമ്പിലെ ആദ്യകാല ചര്‍ച്ചകളെക്കുറിച്ച് അറിയാവുന്നയാള്‍ പറഞ്ഞത്. വാസ്തവത്തില്‍, രജനിയുടെ ആരോഗ്യത്തെക്കുറിച്ച് പുറത്തിറക്കിയ, അപ്പോളോ ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ധാരാളം വിശദാംശങ്ങള്‍ അതില്‍ വെളിപ്പെടുത്തിയിരുന്നു. ‘കോവിഡ് 19 ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ഉപദേശിച്ചു’ എന്ന് ബുള്ളറ്റിനില്‍ പറയുന്നു.

രണ്ട് വലിയ ദ്രാവിഡ പാര്‍ട്ടികളുടെ വോട്ട് ബേസ് സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന സംസ്ഥാനത്താണ്, രജനീകാന്തിന്റെ നിര്‍ദ്ദിഷ്ട രാഷ്ട്രീയ പദ്ധതികള്‍ രൂപീകരിക്കേണ്ടത്. തെരഞ്ഞെടുപ്പ് രംഗത്തേക്ക് ചുവടുവച്ച നടന്‍ കമല്‍ ഹസന്‍, ഒബിസിവണ്ണിയാര്‍ പിന്തുണയുള്ള പാര്‍ട്ടിയായ പി.എം.കെ, മുന്‍ കോണ്‍ഗ്രസ് നേതാവ് ജി.കെ വാസന്‍, ഡി.എം.കെ മേധാവി എം. കെ സ്റ്റാലിന്റെ ജ്യേഷ്ഠന്‍ എം.കെ അഴഗിരി എന്നിവരുടെ പിന്തുണ രജനിയുടെ പാര്‍ട്ടിക്ക് ലഭിക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു.എന്നാല്‍ രജനി പിന്‍മാറിയ അവസ്ഥയില്‍ വരുന്ന തമിഴ്‌നാട് നിയമസഭാതെരഞ്ഞെടുപ്പ് മുന്‍ തെരഞ്ഞെടുപ്പുകള്‍ക്ക് സമാനമായിരിക്കും. ഡി.എം.കെ സഖ്യവും അണ്ണാ ഡി.എം.കെ സഖ്യവും തമ്മിലുള്ള പോരാട്ടമായിരിക്കും. എന്നാല്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കളായ കരുണാനിധിയും ജയലളിതയുമില്ലാത്ത തെരഞ്ഞെടുപ്പായിരിക്കുമിത്. എ.ഐ.ഡി.എം.കെ വിമത നേതാവ് ടി.ടി വി ദിനകരന്‍ രൂപീകരിച്ച എ.എം.എം.കെ, സീമാന്‍ നേതാവായ നാം തമിഴര്‍ കക്ഷി, കമല്‍ ഹാസന്റെ എം.എന്‍.എം തുടങ്ങിയ മറ്റു പാര്‍ട്ടികള്‍ക്ക് 10 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞേക്കില്ല.

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രജനീകാന്ത് പിന്മാറുന്നത് ബി.ജെ.പിയുടെ പ്രതീക്ഷകളെയാണ് തകര്‍ത്തത്. എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായ ബി.ജെ.പിക്ക് മുന്നണിക്കകത്തെ വിലപേശല്‍ സാധ്യതകളും കുറയും. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി രജനീകാന്ത് പ്രചാരണം നടത്തുമെന്നാണ് ആര്‍.എസ്.എസ് ക്യാമ്പും അദ്ദേഹത്തിന്റെ ചില ആരാധകരും പറയുന്നത്. എന്നാല്‍ താരം അത് ചെയ്യില്ലെന്ന് രജനീകാന്തിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത് ഇങ്ങനെയാണ്. ‘അദ്ദേഹത്തിന് വളരെയധികം ബാധ്യതകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹം മനസ്സ് തുറന്നിരിക്കുന്നതിനാല്‍, രാഷ്ട്രീയ സംഭവങ്ങളില്‍ അദ്ദേഹം ഇടപെടില്ല എന്ന് മനസ്സിലാക്കാം. അദ്ദേഹം ഇപ്പോള്‍ വളരെ ശാന്തതയിലാണ്. രണ്ട് ഫിലിം പ്രോജക്ടുകള്‍ക്കായി ഉടന്‍ കരാര്‍ ഒപ്പിടാനിടയുണ്ട്’.

കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങള്‍ കേരള രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തും. സംഘ്പരിവാര്‍ ശക്തികള്‍ ഏതെങ്കിലും വഴിയില്‍ അധികാരത്തിലെത്തിയാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തിനും അനുഭവിക്കേണ്ടിവരും. എന്നാല്‍ ഫാസിസ ശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണല്ല തമിഴകം. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തി ഫാസിസ്റ്റ് ശക്തികള്‍ മനസ്സിലാക്കിയതാണ്. അതിനാല്‍ തന്നെയാണ് രജനിയെ കളത്തിലിറക്കി നേട്ടം കൊയ്യാമെന്ന് അവര്‍ കരുതിയത്. ബി.ജെ.പിക്കൊപ്പം കൂടിയാല്‍ തന്റെ ഭാവി അവതാളത്തിലാകുമെന്ന് മനസ്സിലാക്കിയ രജനി തന്ത്രപൂര്‍വം ഒഴിഞ്ഞുമാറിയതാകാമെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകരില്‍ മുഖ്യ പേരും.

 

Test User: