X

കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് അമിത് ഷാ; രജനീകാന്ത് സമ്മതിക്കുമോ? തമിഴ്‌നാട്ടില്‍ സസ്‌പെന്‍സ്

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പോടിയായി സൂപ്പര്‍ താരം രജനീകാന്തിനെ വലയിലാക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രജനീകാന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ശനിയാഴ്ചയാണ് ഷാ ചെന്നൈയിലെത്തുന്നത്.

നേരത്തെ, ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമുണര്‍ത്തി അമിത് ഷായും സൂപ്പര്‍ താരവുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നത്. രജനിയോടെ സംസ്ഥാന ബിജെപിയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

അമിത് ഷായുടെ വരവ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞു. അണ്ണാഡിഎംകെയുമായുള്ള സഖ്യചര്‍ച്ചകളില്‍ ഷായുടെ വരവ് ഗുണം ചെയ്യുമെന്നാണ് നേതാക്കള്‍ വിചാരിക്കുന്നത്. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗങ്ങള്‍ക്ക് പുറമേ, സംസ്ഥാന സര്‍ക്കാര്‍ പരിപാടികളും അമിത് ഷാ പങ്കെടുക്കുന്നുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദല്‍ ആകാനാണ് ബിജെപിയുടെ ശ്രമം. പരമാവധി ആളുകളെ പാര്‍ട്ടിയിലെത്തിക്കാനാണ് ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈയിടെ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുഷ്ബു സുന്ദര്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ അണ്ണാമലൈ എന്നിവരെ ബിജെപി സ്വന്തം പാളയത്തില്‍ എത്തിച്ചിരുന്നു.

രജനി ബിജെപിയില്‍ ചേരുമോ?

തമിഴ്‌നാട് രാഷ്ട്രീയം ഏറെ കൗതുകത്തോടെ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഇക്കാര്യത്തില്‍ രജനീകാന്ത് ഇതുവരെ കൃത്യമായ ഒരുത്തരം നല്‍കിയിട്ടില്ല. വ്യക്തമായ രാഷ്ട്രീയച്ചായ്‌വുകള്‍ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല എങ്കിലും നേരത്തെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇരുവരും കൃഷ്ണനെയും അര്‍ജുനനെയും പോലെയാണ് എന്നാണ് രജനി പറഞ്ഞിരുന്നത്. കശ്മീരിന്റെ പ്രത്യേകാധികാരം ഒഴിവാക്കിയ ബിജെപി സര്‍ക്കാര്‍ നടപടിയെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനിയുടെ രാഷ്ട്രീയ കക്ഷി മത്സരിക്കുമെന്ന് തന്നെയാണ് വിവരം. 2017ല്‍ തന്നെ 2021ലെ തെരഞ്ഞൈടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആത്മീയതയില്‍ അധിഷ്ഠിതമായിരിക്കും തന്റെ രാഷ്ട്രീയം എന്നും തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകവൃന്ദമുള്ള താരം വ്യക്തമാക്കിയിരുന്നു.

1967 മുതല്‍ ദ്രാവിഡ കക്ഷികള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തില്‍ മഹാരാഷ്ട്രക്കാരനായ രജനിക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.

Test User: