കൊച്ചി: നിഷ സാരംഗിനു പിന്നാലെ സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനെതിരെ ആരോപണവുമായി നടി രചന നാരായണന്‍കുട്ടിയും രംഗത്ത്. സിനിമയില്‍ അഭിനയിച്ചതിന്റെ ഈഗോയുടെ പുറത്താണ് തന്നെ മറിമായമെന്ന ആക്ഷേപഹാസ്യ പരിപാടിയില്‍ നിന്ന് പുറത്താക്കിയതെന്ന് രചന നാരായണന്‍കുട്ടി തുറന്നടിച്ചു. റിപ്പോര്‍ട്ടര്‍ ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് രചന ഇക്കാര്യം പറഞ്ഞത്.
‘സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന അറിഞ്ഞപ്പോള്‍ മുതല്‍ അദ്ദേഹത്തിന് എന്നോട് ചില ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ മറിമായത്തിന്റെ അടുത്ത ഷെഡ്യൂള്‍ മുതല്‍ വരേണ്ടെന്ന് വിളിച്ചു പറഞ്ഞു. വിനോദ് കോവൂരിനെയും എന്നെയും അങ്ങനെയാണ് പുറത്താക്കിയത്. സിനിമയില്‍ ചാന്‍സ് ലഭിച്ചതിന്റെ പേരില്‍ ചെയ്തു കൊണ്ടിരുന്ന പരിപാടിയില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്താക്കിയത് ഏറെ വിഷമം ഉണ്ടാക്കി’, രചന പറഞ്ഞു.
നിഷക്കെതിരെ നീക്കമുണ്ടായപ്പോള്‍ അവരെ വിളിച്ച് സംസാരിച്ചിരുന്നു. സംവിധായകന്റെ ദ്രോഹങ്ങളെക്കുറിച്ച് തുറന്നടിച്ച നിഷക്ക് തന്റെയും താരസംഘടനയായ എ.എം.എം.എയുടെയും പൂര്‍ണ പിന്തുണയുണ്ടെന്നും രചന പറഞ്ഞു.
ഫ്‌ളവേഴ്‌സ് ടി.വി സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലിലെ കേന്ദ്രകഥാപാത്രമായ നീലുവിനെ അവതരിപ്പിച്ചിരുന്നത് നിഷ സാരംഗ് ആയിരുന്നു. അഭിനയിച്ച് കൊണ്ടിരുന്ന ഉപ്പും മുളകും സീരിയലില്‍ നിന്ന് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ മനപ്പൂര്‍വം ഒഴിവാക്കിയെന്നും നിരന്തരമായ ശല്യം പരാതിപ്പെട്ടതിന്റെ പകയിലാണ് നീക്കമെന്നുമായിരുന്നു നിഷയുടെ വെളിപ്പെടുത്തല്‍. ഇതേതുടര്‍ന്ന് നിഷക്കു പിന്തുണയേകി നിരവധി പേര്‍ രംഗത്തുവന്നു.
ഡബ്ല്യു.സി.സിയും ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയും പിന്തുണ പ്രഖ്യാപിച്ചു രംഗത്തു വന്നു. ചാനലിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്നും നിഷ പരമ്പരയില്‍ തുടര്‍ന്നും അഭിനയിക്കുമെന്നും ചാനല്‍ അധികൃതര്‍ പറഞ്ഞു. സംവിധായകനെ മാറ്റാതെ പരമ്പരയില്‍ അഭിനയിക്കില്ലെന്ന നിലപാടില്‍ നിഷ സാരംഗ് ഉറച്ചു നില്‍ക്കുകയായിരുന്നു.