X

റജബിന്റെ വിശേഷങ്ങള്‍- ടി.എച്ച് ദാരിമി

ടി.എച്ച് ദാരിമി

ഹിജ്‌റ കലണ്ടറിലെ ഏഴാമത് മാസമായ റജബ്. നാല് വിശുദ്ധ മാസങ്ങളില്‍ ഒന്നും കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നുതുമാണ്. ഇസ്‌ലാമിക സംസ്‌കൃതിയില്‍ വലിയ മാനസികവും സാമൂഹ്യവുമായ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വിശുദ്ധ മാസങ്ങള്‍ എന്ന ആശയം. മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകുന്ന കാലുഷ്യങ്ങള്‍ക്കും തദ്വാരാ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്കും നിര്‍ബന്ധിതമായ ഇടവേള ലഭിക്കാന്‍ വേണ്ടി യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്ന മാസങ്ങളാണിത്. വിശ്വാസികള്‍ യുദ്ധം തുടങ്ങുന്നതിനാണ് ഈ മാസത്തില്‍ വിലക്കുള്ളത്. എന്നാല്‍ ഇങ്ങോട്ടുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് വിലക്കില്ല. ഇത് വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. വെറും യുദ്ധം ചെയ്യാതിരിക്കുക എന്നതില്‍ മാത്രം ഈ ആശയം ഒതുങ്ങുന്നില്ല. സമാധാനത്തോടും ശാന്തിയോടുംകൂടി മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാകുകകൂടി ഇതിന്റെ അര്‍ഥത്തില്‍ വരുന്നുണ്ട്. അതിനാല്‍ ഈ മാസം ബഹുമാനത്തിന്റെയും ആദരവിന്റെയും മാസമാണ്. റജബ് എന്ന അറബി ശബ്ദത്തിന്റെ അര്‍ഥവും അങ്ങനെയാണ്. അറബികള്‍ പണ്ടു മുതല്‍ തന്നെ വളരെ ആദരവോടെ കണ്ടിരുന്ന മാസമാണ് റജബ്. റജബിനെ ഹദീസുകളില്‍ മുളര്‍ ഗോത്രത്തിന്റെ മാസം എന്ന് വിവരിക്കുന്നതു കാണാം. മുളര്‍ ഗോത്രക്കാര്‍ ഈ മാസത്തെ വല്ലാതെ ആദരിക്കുമായിരുന്നു എന്നതാണ് കാരണം. തങ്ങളുടെ സൗകര്യങ്ങള്‍ക്കുവേണ്ടി മാസങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്ന സ്വഭാവമുണ്ടായിരുന്നു ജാഹിലിയ്യാ കാലത്തെ അറബികള്‍ക്ക്. നസീഅ് എന്നാണ് ഇത് വ്യവഹരിക്കപ്പെടുന്നത്. അത്തൗബ അധ്യായം 37ാം സൂക്തത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഈ ദുസമ്പ്രദായത്തെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ റജബിന്റെ കാര്യത്തില്‍ ഒരു തരം മാറ്റത്തിരുത്തലുകളും ചെയ്യാത്തവരായിരുന്നു മുളര്‍ ഗോത്രക്കാര്‍.

ഇസ്‌ലാമിക സംസ്‌കാരത്തില്‍ ഏറെ അടയാളപ്പെടുത്തപ്പെട്ട മാസമാണിത്. ഇവയില്‍ ഒന്ന് ഇസ്‌റാഅ്, മിഅ്‌റാജ് സംഭവങ്ങള്‍ ഈ മാസത്തിന്റെ 27നായിരുന്നു ഉണ്ടായത് എന്നതാണ്. നബി(സ)യെ മക്കയിലെ തന്റെ വീട്ടില്‍ നിന്ന് ഈ രാത്രിയില്‍ ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സയിലേക്ക് രാപ്രയാണം ചെയ്യിച്ച സംഭവമാണ് ഇസ്‌റാഅ്. അവിടെ നിന്നും ഏഴ് ആകാശങ്ങളിലൂടെ അല്ലാഹു ഉദ്ദേശിച്ച സ്ഥലങ്ങളിലേക്കും സ്ഥാനങ്ങളിലേക്കും കൊണ്ടുപോയ സംഭവമാണ് മിഅ്‌റാജ് എന്ന ആകാശാരോഹണം. നബി(സ)യുടെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളാണ് ഇവ. ഈ രാത്രിയിലാണ് അഞ്ചു നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടത്. ഇത് ഉണ്ടായ രാവിനെകുറിച്ച് പണ്ഡിതര്‍ക്കിടയില്‍ പക്ഷാന്തരമുണ്ട്. മദീന ഹിജ്‌റയുടെ തൊട്ടുമുമ്പുള്ള വര്‍ഷത്തിലെ റജബ് 27നായിരുന്നു ഇത് എന്ന് ഇമാം സുഹ്‌രി, ഇമാം നവവീ തുടങ്ങിയ പണ്ഡിതരുടെ അഭിപ്രായങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ മനസിലാക്കാം. മുസ്‌ലിം സമുദായത്തിന്റെ ഇതപര്യന്തമുള്ള പൊതു അഭിപ്രായങ്ങളിലും ഇതിനാണ് മുന്‍തൂക്കമുള്ളത്. ഈ മുന്‍തൂക്കം രൂപപ്പെട്ടത് നിരവധി സ്രോതസുകളുടെ പിന്‍ബലമുള്ളതു കൊണ്ടല്ലാതെ വരാന്‍ സാധ്യതയില്ല.

റജബില്‍ ഉണ്ടായ മറ്റൊരു സംഭവം തബൂക്ക് യുദ്ധമാണ്. നബി(സ)യുടെ അവസാന യുദ്ധമാണ് തബൂക്ക് യുദ്ധം. ഹിജ്‌റ 9 ലെ റജബ് മാസത്തിലായിരുന്നു ഇത്. ഹിജ്‌റ എട്ടില്‍ നടന്ന മക്കാ വിജയത്തോടെ അറേബ്യയുടെ ഭീഷണികളെയെല്ലാം മറികടന്ന നബി(സ)യെ പുതിയ ശത്രു വേട്ടയാടാന്‍ തുടങ്ങിയ കാലമായിരുന്നു അത്. അത് റോമന്‍ സാമ്രാജ്യമായിരുന്നു. ബുസ്‌റായിലേക്കുള്ള നബി(സ) യുടെ ദൂതനായിരുന്ന ഹാരിസ് ബിന്‍ ഉമൈര്‍ അല്‍ അസ്ദിയെ റോമന്‍ ഗവര്‍ണര്‍ ശുറഹ്ബീല്‍ ബിന്‍ അംറ് അല്‍ ഗസ്സാനീ വധിച്ചതായിരുന്നു പെട്ടെന്നുണ്ടായ കാരണം. ദൂതന്‍മാരെ വധിക്കുക എന്നത് എക്കാലത്തും ഏറ്റവും വലിയ ധിക്കാരമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. വലിയ വെല്ലുവിളികള്‍ നേരിട്ട നീക്കമായിരുന്നു തബൂക്കിലേക്കുള്ളത്. ദുര്‍ഘടമായ നീണ്ട വഴി അവര്‍ക്ക് താണ്ടേണ്ടതുണ്ടായിരുന്നു. മാത്രമല്ല, ശക്തമായ ചൂട് കാലവുമായിരുന്നു. ചൂടിന്റെ പ്രശ്‌നത്തിനേക്കാള്‍ ഏറെ വൈഷമ്യമുണ്ടാക്കിയത് അത് ഈന്തപ്പഴം പഴുക്കുന്ന കാലമായിരുന്നു എന്നതാണ്. വിളവെടുപ്പിനായി കര്‍ഷക സഹാബിമാര്‍ക്ക് മദീനയില്‍തന്നെ നില്‍ക്കേണ്ടതുണ്ടായിരുന്നു. ഇത്തരം പ്രയാസങ്ങള്‍ കാരണം പലരും പല കാരണങ്ങളിലും തൂങ്ങിപ്പിടിച്ച് യുദ്ധത്തില്‍നിന്ന് മാറിനിന്നു എങ്കിലും എല്ലാ പ്രയാസങ്ങളും സഹിച്ച് നബിയും സഹാബിമാരും തബൂക്കില്‍ എത്തി. ഇത് റജബ് മാസത്തിലായിരുന്നു.

അബ്‌സീനിയായിലേക്കുള്ള ഹിജ്‌റയും റജബിലായിരുന്നു. മക്കയിലെ പീഡനങ്ങള്‍ താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ നബി(സ) അനുയായികളോട് അബ്‌സീനിയായിലേക്ക് പലായനം ചെയ്യാന്‍ പറയുകയായിരുന്നു. പ്രവാചകത്വത്തിന്റെ അഞ്ചാം വര്‍ഷത്തിലായിരുന്നു ഇത്. അസ്സുമര്‍ അധ്യായം പത്താം വചനത്തില്‍ ദുരിതമനുഭവിക്കുന്നവരോട് വിശാലമായ ഭൂമി ഉപയോഗപ്പെടുത്തി പലായനം ചെയ്യാന്‍ അല്ലാഹു കല്‍പ്പിച്ചതോടെയാണ് നബി (സ) അവരോട് ഹിജ്‌റ പോകാന്‍ പറഞ്ഞത്. ആദ്യ സംഘത്തിന്റെ യാത്രയായിരുന്നു റജബില്‍. ഈ സംഘത്തില്‍ 12 പുരുഷന്‍മാരും നാല് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ഉസ്മാന്‍ ബിന്‍ അഫാന്‍(റ), പത്‌നി നബി(സ)യുടെ മകള്‍ റുഖിയ (റ) എന്നിവര്‍ ഈ സംഘത്തിലുണ്ടായിരുന്നു. രാത്രി അവര്‍ ശുഐബ തുറമുഖത്തെത്തിച്ചേരുകയും ആഫ്രിക്കയിലേക്ക് പോകുന്ന കപ്പലില്‍ കയറുകയുമായിരുന്നു. വിവരമറിഞ്ഞ മക്കയിലെ ശത്രുക്കള്‍ പിന്നാലെ വന്നു എങ്കിലും അപ്പോഴേക്കും കപ്പല്‍ തുറമുഖം വിട്ടിരുന്നു. റാശിദീ ഖലീഫമാരുടെ കാലത്തുണ്ടായ പ്രധാന സംഭവങ്ങളില്‍ റജബ് വേദിയായ രണ്ട് എണ്ണമാണ് ഡമാസ്‌കസ് വിജയവും യര്‍മൂക്ക് യുദ്ധവും. ഡമാസ്‌കസ് വിജയം ഹിജ്‌റ 13 ല്‍ ഉമര്‍(റ) വിന്റെ കാലത്തായിരുന്നു. ജമാദുല്‍ ആഖിര്‍ 17 ന് ആരംഭിച്ച നീക്കം റജബ് 20 ല്‍ വിജയത്തിലെത്തി. ഇവിടെ തുടങ്ങിയ മുന്നേറ്റത്തിന്റെ അന്തിമ വിജയമായിരുന്നു ഹിജ്‌റ 15 ല്‍ നടന്ന യര്‍മൂക്ക് യുദ്ധം.

റജബിന്റെ സങ്കടങ്ങളില്‍ പ്രധാനപ്പെട്ട ഏതാനും വിയോഗങ്ങളുണ്ട്. ഒന്നാമത്തേത് നജാശി രാജാവിന്റെ വിയോഗമാണ്. അബ്‌സീനിയായിലെ രാജാവായിരുന്നു അസ് ഹമ എന്ന നജാശി. റോമാസാമ്രാജ്യത്തിന്റെ കീഴില്‍ ഈ രാജ്യം ഭരിക്കുന്ന ഭരണാധികാരിയുടെ സ്ഥാനപ്പേരാണ് നജാശി എന്നത്. അബ്‌സീനിയായിലെത്തിയ അഭയാര്‍ഥി സഹാബിമാരെ സ്വീകരിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്ത നല്ല ഭരണാധികാരിയായിരുന്നു അസ്ഹമ. നബി(സ) അദ്ദേഹത്തെ ശ്ലാഘിച്ചതായി കാണാം (ബൈഹഖി). അബ്‌സീനിയയിലെ മുഹാജിറുകളില്‍നിന്ന് ഇസ്‌ലാമിനെയും നബി തിരുമേനിയെയും മനസിലാക്കിയ നജാശി ആദ്യ നാള്‍ മുതലേ ഇസ്‌ലാമില്‍ എത്തി. ഹിജ്‌റ 9 റജബിലായിരുന്നു നജാശിയുടെ മരണം. വിവരമറിഞ്ഞ നബി ഏറെ ദുഃഖിക്കുകയും അദ്ദേഹത്തിന്റെ പേരില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. രണ്ടാമത്തേത് അമവീ ഖലീഫ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് (റ) യുടെ വഫാത്താണ്. ഇസ്‌ലാമിക ചരിത്രത്തില്‍ റാശിദീ ഭരണാധികാരികള്‍ക്ക് സമാനനായി പരിഗണിക്കപ്പെടുന്ന നീതിനിഷ്ഠനായ ഭരണാധികാരിയായിരുന്നു ഉമര്‍ബിന്‍ അബ്ദുല്‍ അസീസ്. അമവീ ഖിലാഫത്തിലെ എട്ടാം ഖലീഫയായിരുന്നു അദ്ദേഹം. ഹിജ്‌റ 61ല്‍ ഈജിപ്തിലെ ഹുല്‍വാനിലാണ് ജനനം. മര്‍വാന്റെ പുത്രനും ഈജിപ്ത് ഗവര്‍ണറുമായിരുന്ന അബ്ദുല്‍ അസീസ് ആണ് പിതാവ്. മാതാവ്, ഖലീഫ ഉമറിന്റെ കാലത്തെ പാല്‍ക്കാരി പെണ്‍കുട്ടിയുടെ മകള്‍ ലൈല എന്ന ഉമ്മു ആസിം. ഹിജ്‌റ 101 ല്‍ റജബ് 25 ന് വെള്ളിയാഴ്ചയായിരുന്നു ആ വിയോഗം. മരണപ്പെടുമ്പോള്‍ 39 വയസായിരുന്നു പ്രായം. മറ്റൊരു വിയോഗം മഹാനായ ഇമാം ശാഫി(റ)യുടേതാണ്. ഭൂലോകം മുഴുവന്‍ ജ്ഞാനം നിറക്കുന്ന പണ്ഡിതന്‍ ഖുറൈശികളില്‍നിന്ന് ഉത്ഭവിക്കും എന്ന നബി(സ)യുടെ മുന്‍കൂട്ടിയുള്ള പ്രവചനം ശാഫി ഇമാമിനെയാണ് സൂചിപ്പിക്കുന്നത് എന്ന് പണ്ഡിതര്‍ പറയുന്നു. ഹിജ്‌റ 150ല്‍ ഫലസ്തീനിലെ ഗസ്സയില്‍ ജനിച്ച അദ്ദേഹം ഹിജ്‌റ 204 റജബ് 29 ന് ഈജിപ്തില്‍ വഫാത്തായി. അവിടെ തന്നെയാണ് ഖബറും.

റജബ് കണ്ട മറ്റൊരു വിയോഗം ഇമാം മുസ്‌ലിം(റ) വിന്റേതാണ്. സഹീഹു മുസ്‌ലിം എന്ന ഹദീസ് സമാഹാരത്തിന്റെ കര്‍ത്താവ് ഇമാം മുസ്‌ലിം എന്ന പേരില്‍ വിശ്രുതനായ ഹുജ്ജത്തുല്‍ ഇസ്‌ലാം അബുല്‍ ഹുസൈന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജ് ഇബ്‌നി മുസ്‌ലിം ആണ്. ഹിജ്‌റ 202 ക്രിസ്താബ്ദം 817ലാണ് ഇമാമിന്റെ ജനനം. ഹിജ്‌റ 261 റജബ് അഞ്ചിന് ലോകത്തോട് വിടപറഞ്ഞ അദ്ദേഹത്തിന്റെ അന്ത്യവിശ്രമം നൈസാപൂരില്‍ തന്നെയാണ്.

ഇന്ത്യയുടെ സുല്‍ത്താന്‍ എന്നറിയപ്പെട്ട ഖാജാ മുഈനുദ്ദീന്‍ ചിശ്തി അല്‍ അജ്മീരിയുടെ വഫാത്തും റജബിലായിരുന്നു. ആത്മീയതയും വഹിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സൂഫീ വര്യന്മാരില്‍ ഉന്നതനാണ്. ഹിജ്‌റ 547, റജബ് 14 നായിരുന്നു ഇറാനിലെ സിജിസ്ഥാന്‍ പ്രവിശ്യയിലെ സഞ്ചര്‍ എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചത്. ഹിജ്‌റ 588 ല്‍ 40 ശിഷ്യരോടൊപ്പം ഇന്ത്യയിലെത്തി ആത്മീയ ദൗത്യങ്ങള്‍ ആരംഭിച്ചു. ലക്ഷങ്ങള്‍ അദ്ദേഹത്തിലൂടെ ഇസ്‌ലാമിന്റെ തണലില്‍ എത്തിച്ചേര്‍ന്നു. ഇന്ത്യയുടെ ഭരണാധികാരികളും സുല്‍താന്‍മാരും എന്നും ആദരിച്ചിട്ടുള്ള വ്യക്തിത്വമാണ് ഖാജാ തങ്ങള്‍. ഹിജ്‌റ 633 റജബ് 6, തിങ്കളാഴ്ച തൊണ്ണൂറ്റി ആറാം വയസില്‍ വിട്ടുപിരിഞ്ഞു.
പരിശുദ്ധ റമസാനിലേക്കുള്ള ആത്മീയ ഒരുക്കങ്ങള്‍ തുടങ്ങുന്ന കാലമായി ആത്മീയ പണ്ഡിതര്‍ റജബിനെ കാണുന്നുണ്ട്. റജബില്‍ മനസും ശഅബാനില്‍ ശരീരവും റമസാനിനുവേണ്ടി കടഞ്ഞെടുക്കേണ്ട കാലയളവാണ് എന്ന് ഇമാം ഗസ്സാലിയെ പോലുള്ളവര്‍ പറയുന്നുണ്ട്. ഇസ്‌ലാമിനു മുമ്പേ ഈ മാസത്തിന് കല്‍പ്പിക്കപ്പെട്ടിരുന്ന ആദരവും ഇസ്‌ലാമിക സംസ്‌കൃതി സ്ഥാപിക്കപ്പെട്ടതിനുശേഷം ഉണ്ടായ ചരിത്രങ്ങളുടെ സ്വാധീനവും റമസാനിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ആത്മീയ ലോകം കല്‍പ്പിച്ച സവിശേഷതകളും എല്ലാം ചേര്‍ന്നുണ്ടായ സവിശേഷതകള്‍ അറിവില്ലാത്തവരാല്‍ തെറ്റായിട്ടോ അതിരുവിട്ടോ പല അന്ധവിശ്വാസങ്ങളിലേക്കും തദടിസ്ഥാനമായുള്ള കര്‍മ്മങ്ങളിലേക്കുമെല്ലാം വളര്‍ന്നിട്ടുണ്ട് എന്നത് സത്യമാണ്.

Test User: