മുംബൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിനെത്തി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. സംഭവത്തെ തുടര്‍ന്ന് മുംബൈയില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബൈയിലെ ഇ.ഡി ആസ്ഥാനത്തിനു മുന്നിലാണ് നിരോധനാജ്ഞ. രാവിലെ പതിനൊന്നുമണിയോടെയാണ് രാജ് താക്കറെ ചോദ്യം ചെയ്യലിന് ഹാജരായത്.
2005 ല്‍ മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ തുടങ്ങിയ കോഹീനൂര്‍ ടവറും ധനകാര്യ സ്ഥാപനമായ ഐ.എല്‍ ആന്‍ഡ് എഫ്.എസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലാണ് അന്വേഷണം. രാജ് താക്കറെക്ക് പങ്കാളിത്തമുള്ള നിര്‍മാണ കമ്പനിയായ കൊഹിനൂര്‍ സി.ടി.എല്‍.എന്‍ ആണ് ശിവാജി പാര്‍ക്കിലെ കോഹീനൂര്‍ ടവര്‍ നിര്‍മിച്ചത്.
രാജ് താക്കറെയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് എം.എന്‍.എസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിക്കാമെന്നതിനാലാണ് നിരോധനാജ്ഞ. സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് എം.എന്‍.എസ് നേതാക്കളെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. എം.എന്‍.എസ് വക്താവ് സന്ദീപ് ദേശ് പാണ്ഡെ അടക്കമുള്ള നേതാക്കളെയാണ് കരുതല്‍ തടങ്കലിലാക്കിയത്.