മുംബൈ: ഗുജറാത്തിലെ പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിന്റെ സെക്‌സ് ടേപ്പ് വിവാദത്തില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. ഗുജറാത്തില്‍ ബി.ജെ.പി വികസനത്തിന്റെ ബ്ലൂ പ്രിന്റിന് പകരം ബ്ലൂഫിലിം കാണിച്ച് ജയിക്കാനാണ് ശ്രമിക്കുന്നതെന്ന് താക്കറെ പറഞ്ഞു. ഹര്‍ദ്ദികിന്റേതെന്ന രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന സെക്‌സ് ടേപ്പുകള്‍ക്കു പിന്നില്‍ ബി.ജെ.പി നേതാക്കളാണെന്ന ആരോപണം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് താക്കറെയുടെ വിമര്‍ശനം.
താനെയില്‍ സംസാരിക്കുമ്പോഴാണ് സെക്‌സ് ടേപ്പ് വിവാദത്തില്‍ താക്കറെ പരാമര്‍ശം നടത്തിയത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വികസന രേഖകാണിച്ചിട്ടായിരുന്നു ബി.ജെ.പി വിജയിച്ചിരുന്നത്. എന്നാല്‍ അധികാരത്തിലെത്തി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും വികസനം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് മറ്റുള്ളവരുടെ കിടപ്പറയില്‍ ഒളിഞ്ഞ് നോക്കിയും ജനങ്ങളെ നീല ചിത്രം കാണിച്ചും ജയിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്നും താക്കറെ പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അധിക്ഷേപിക്കുന്നതിനേയും താക്കറെ വിമര്‍ശിച്ചു. രാഹുല്‍ പപ്പുവാണെങ്കില്‍ പിന്നെന്തിനാണ് രാഹുലിന് മറുപടി നല്‍കാന്‍ മുഴുവന്‍ മന്ത്രിമാരും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്താകെ ഹര്‍ദ്ദികിന്റെ പേരിലുള്ള സെക്‌സ്‌ടേപ്പുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന് പിന്നില്‍ ബി.ജെ.പി മുഖ്യമന്ത്രി വിജയ് രൂപാനിയും മുതിര്‍ന്ന നേതാക്കളുമാണെന്നും ഹര്‍ദ്ദിക് പ്രതികരിച്ചിരുന്നു. പിന്നില്‍ 40കോടി മുടക്കിയുള്ള മോര്‍ഫിംഗ് ഗൂഢാലോചനയാണെന്നും ഹര്‍ദ്ദിക് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ബി.ജെ.പിയുടെ വില കുറഞ്ഞ നീക്കത്തിനെതിരെ താക്കറെ തന്നെ രംഗത്തെത്തുന്നത്.