X

ബി.ജെ.പി വിരുദ്ധ മുന്നണി; താക്കറെ നയം വ്യക്തമാക്കണം-കോണ്‍ഗ്രസ്

മുംബൈ: ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമാകുന്നതിനു മുന്‍പായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) അവരുടെ നിലപാടുകളും വിവിധ വിഷയങ്ങളിലെ നയങ്ങളും വ്യക്തമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിക് റാവ് താക്കറെ ആവശ്യപ്പെട്ടു. 2019ല്‍ മേദി മുക്ത ഭാരത് ആണ് വരാന്‍ പോകുന്നതെന്ന് എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ താക്കറെ കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക വാദം ഉയര്‍ത്തുന്ന പാര്‍ട്ടിയാണ് എംഎന്‍എസ് . മണ്ണിന്റെ മക്കള്‍ വാദമാണ് ഇത്തരം പാര്‍ട്ടികളുടെ അജണ്ട. കോണ്‍ഗ്രസ് മുന്നണിയിലെത്തുമ്പോള്‍ ദേശീയ വാദം അംഗീകരിക്കാന്‍ തയാറാകുമോ അതോ പ്രാദേശിക വാദത്തെ ഉള്‍കൊള്ളുമോ എന്ന് പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.

ശിവസേനയെയും ബിജെപിയെയും രൂക്ഷമായി എതിര്‍ത്താണ് എംഎന്‍എസ് രൂപീകരിച്ചത്. ഇവര്‍ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേരുകയാണെങ്കില്‍ പാര്‍ട്ടിയുടെ നയം വ്യക്തമാക്കണമെന്നും മണിക് റാവ് താക്കറെ വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയ്ക്ക് വ്യക്തമായ നിലപാടുകള്‍ ഉണ്ടെന്ന് എംഎന്‍എസ് വക്താവ് വാഗേഷ് സരസ്വത് അറിയിച്ചു. നിലവിലെ സാഹചര്യം അനുസരിച്ചാണ് രാഷ്ട്രീയ കക്ഷികള്‍ നിലപാട് സ്വീകരിക്കുന്നത്.

chandrika: