ന്യൂഡല്‍ഹി: പാക് മണ്ണിലെ ഭീകരര്‍ക്കു നേരെ മറ്റൊരു മിന്നലാക്രമണത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. പാകിസ്താന്‍ നമ്മുടെ അയല്‍രാജ്യമാണ്. നല്ല മാറ്റമല്ല അവരില്‍നിന്ന് ഉണ്ടാകുന്നതെങ്കില്‍ ഇനിയും മിന്നലാക്രമണം നടത്താന്‍ അറച്ചു നില്‍ക്കില്ല- ദേശീയ മാധ്യമമായ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ രാജ്‌നാഥ് വ്യക്തമാക്കി.
പാകിസ്താനില്‍ ഒളിവില്‍ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ തിരികെ ഇന്ത്യയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. എപ്പോള്‍ വേണമെന്നാണു ഇനി തീരുമാനിക്കേണ്ടതെന്നും രാജ്‌നാഥ് പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് തലവനുമായ ഹാഫിസ് സഈദിനെ വീട്ടുതടങ്കലില്‍ ആക്കിയാല്‍ മാത്രംപോരെന്നും അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
യുഎന്‍ പട്ടികയിലെ ഭീകരര്‍ക്കൊപ്പം സഈദിനെ ചേര്‍ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ത്ത ചൈനയുടെ നടപടിയെയും രാജ്‌നാഥ് കുറ്റപ്പെടുത്തി. ആഭ്യന്തരവിഷയങ്ങളെ തുടര്‍ന്നാണ് ചൈന ഇന്ത്യയെ പിന്തുണയ്ക്കാതിരുന്നത്. ഭാവിയില്‍ ഇന്ത്യയുടെ ആവശ്യത്തിനൊപ്പം അവര്‍ നില്‍ക്കുമെന്നാണു പ്രതീക്ഷ- രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു.