മുംബൈ: വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയ്ക്ക് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നീലച്ചിത്ര നിര്‍മാണ ശൃംഖലയുമായി ബന്ധമുണ്ടെന്ന് മുംബൈ പോലീസ്. അടുത്ത ബന്ധുവുമായി ചേര്‍ന്നാണ് രാജ് കുന്ദ്ര ഇടപാട് നടത്തിയിരുന്നതെന്നും മുബൈ പോലീസ് വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ വ്യവസായങ്ങളില്‍ ഭാര്യ ശില്‍പ്പ ഷെട്ടിയ്ക്കും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
രാജ് കുന്ദ്രയുടെ കമ്പനിയായ വിയാന്‍ ഇന്‍ഡസ്ട്രീസ് ലണ്ടന്‍ ആസ്ഥാനമായുള്ള കെന്റിന് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്ന് നീലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നു. കെന്റിന്റെ ഹോട്ട്ഷോട്ട് എന്ന ആപ്പുവഴിയാണ് അശ്ലീല വീഡോയകള്‍ വിതരണം ചെയ്തിരുന്നത്.
കമ്പനി രജിസ്റ്റര്‍ ചെയ്തത് ലണ്ടനിലാണ്. ആപ്പിന്റെ പ്രവര്‍ത്തനങ്ങളും ആപ്പ് വഴി പുറത്തുവിടുന്ന വീഡിയോകളുടെ നിര്‍മാണവും വിയാന്‍ ഇന്റസ്ട്രീസ് വഴിയാണ് ചെയ്തിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ തിങ്കളാഴ്ച രാത്രിയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ കുന്ദ്രയെ ജൂലൈ 23 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.