X

‘കൊലപാതക കുറ്റങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മോദിയും അമിത്ഷായും എന്നെ സമീപിച്ചു’ വെളിപ്പെടുത്തലുമായി രാം ജെത് മലാനി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത് മലാനി.

കൊലപാതക കുറ്റങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നരേന്ദ്രമോദിയും അമിത് ഷായും തന്നെ സമീപിച്ചിരുന്നതായി രാംജെത് മലാനി പറഞ്ഞു. ബംഗളൂരുവില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അനുയോജ്യനായ വ്യക്തിയല്ല നരേന്ദ്രമോദി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചതു വഴി താന്‍ വിഡ്ഢിയായെന്നും മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ രാംജെത് മലാനി പറഞ്ഞു.

കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറാന്‍ ഇരുവരും തന്നോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. വിദേശ ബാങ്കുകളില്‍ നിന്ന് കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന മോദിയുടെ വാഗ്ദാനം കേട്ടാണ് താന്‍ അദ്ദേഹത്തെ പിന്തുണച്ചത്. എന്നാല്‍ അതൊരു പൊള്ളയായ വാഗ്ദാനമായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. 1400 ഇന്ത്യക്കാരുടെ 90 ലക്ഷം കോടി രൂപയുടെ കള്ളപ്പണം വിദേശത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ താന്‍ മോദിയുടെയും ഷായുടെയും പിന്തുണ ആവശ്യപ്പെട്ടു. അവര്‍ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. പിന്നീടവര്‍ തന്റെ വീട്ടില്‍ വന്നപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത്. അവരുടെ പേരിലുള്ള കൊലപാതക കുറ്റങ്ങളില്‍ നിന്നു രക്ഷപ്പെടാനാണ് അവര്‍ തന്നെ സമീപിച്ചത്. ജര്‍മനിയും സ്വിറ്റ്‌സര്‍ലാന്റും കള്ളപ്പണം കൈയിലുള്ളവരുടെ പട്ടിക തരാന്‍ തയാറാണ്. എന്നാല്‍ സര്‍ക്കാര്‍ അതില്‍ കൃത്യമായ തീരുമാനമെടുക്കുന്നില്ല. മുമ്പ് നല്‍കിയ ഉറപ്പിനു വിപരീതമായാണ് മോദി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പൊള്ളയായ വാഗ്ദാനം നല്‍കി വഞ്ചിച്ച മോദിയെയും അമിത്ഷായെയും കര്‍ണാടകയിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കണമെന്നും മലാനി ആവശ്യപ്പെട്ടു.

chandrika: