X

വിവാഹ പ്രായം ഉയര്‍ത്തല്‍; കേന്ദ്ര സര്‍ക്കാര്‍ അയയുന്നു

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന 2006ലെ ശൈശവ വിവാഹ നിരോധന നിയമ ഭേദഗതി ബില്‍ നടപ്പു സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ പാസാകില്ലെന്ന് സൂചന. പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ബില്ലിനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് തിടുക്കപ്പെട്ട് പാസാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയത്.

ഇതുസംബന്ധിച്ച കരടു ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. തിങ്കളാഴ്ച ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയ സൂചന. എന്നാല്‍ ഇന്നലെ ബില്‍ സഭയില്‍ എത്തിയില്ല. അതേസമയം നടപ്പു സമ്മേളനത്തില്‍ തന്നെ ബില്‍ സഭയില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ബില്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിടാന്‍ ഒരുക്കമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ച പശ്ചാത്തലത്തില്‍ നടപ്പു സമ്മേളനത്തില്‍ ബില്‍ പാസാക്കിയെടുക്കാനുള്ള സാവകാശം കേന്ദ്രത്തിന് ലഭിക്കില്ല. ശൈത്യകാല സമ്മേളനം ഇനി മൂന്ന് ദിവസം കൂടി മാത്രമാണ് ശേഷിക്കുന്നത്.
ഡിസംബര്‍ 23നാണ് സഭാ സമ്മേളനം സമാപിക്കുന്നത്. ഇതിനിടയില്‍ ബില്‍ അവതരിപ്പിച്ചാലും പ്രതിപക്ഷ എതിര്‍പ്പ് കണക്കിലെടുത്ത് ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അടുത്ത സമ്മേളനത്തില്‍ മാത്രമേ ബില്ലിന്മേല്‍ തുടര്‍ നടപടികള്‍ ഉണ്ടാകൂ. സ്ത്രീപക്ഷ നീക്കമെന്ന നിലയില്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ബില്ലിനെ പിന്തുണക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ് സംഭവിച്ചത്. ബില്ലിനെ എതിര്‍ക്കുമെന്ന് മിക്ക പ്രതിപക്ഷ കക്ഷികളും നിലപാടെടുക്കുകയായിരുന്നു.

നിയമ നിര്‍മ്മാണ നീക്കം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ മുസ്്‌ലിംലീഗ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും അടിയന്ത പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഏക സിവില്‍കോഡിലേക്കുള്ള നീക്കവും മുസ്്‌ലിം വ്യക്തി നിയമത്തിലേക്കുള്ള കടന്നുകയറ്റവുമാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നായിരുന്നു മുസ്്‌ലിംലീഗ് വിമര്‍ശം. തൊട്ടുപിന്നാലെ സി.പി.എമ്മും സി.പി. ഐയും അടക്കമുള്ള ഇടതുകക്ഷികളും ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തി. ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും അടക്കം വ്യക്തമാക്കി.

ലിംഗ സമത്വമെന്ന കേന്ദ്ര വാദത്തെ തള്ളിയ പ്രതിപക്ഷം പുരുഷന്മാരുടെ വിവാഹ പ്രായവും 21ല്‍നിന്ന് 18 ആക്കി കുറക്കണമെന്ന് ആവശ്യപ്പെട്ടതോടെ കേന്ദ്രം വെട്ടിലാവുകയായിരുന്നു. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ 18 വയസ്സില്‍ അധികാരമുള്ളവര്‍ ജീവിത പങ്കാളിക്കായി 21 വയസ്സു വരെ കാത്തിരിക്കണമെന്ന് പറയുന്നതിലെ യുക്തിയും പ്രതിപക്ഷം ചോദ്യം ചെയ്തതോടെയാണ് സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ട് തല്‍ക്കാലം രക്ഷപ്പെടാമെന്ന പഴുത് കേന്ദ്രം കണ്ടെത്തിയത്.

 

Test User: