ഭോപ്പാല്‍: ബാലവിവാഹമാണ് ലൗ ജിഹാദിന് പരിഹാരമെന്ന് ബി.ജെ.പി എം.എല്‍.എ. മധ്യപ്രദേശിലെ അഗര്‍മാല്‍വ എം.എല്‍.എയായ ഗോപാല്‍ പാര്‍മര്‍ ആണ് പുതിയ വെളിപാടുമായി രംഗത്ത് വന്നിരിക്കുന്നത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസാക്കിയതാണ് രാജ്യത്ത് ലൗ ജിഹാദ് വര്‍ധിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
വിവാഹപ്രായം 18 വയസാക്കി ഉയര്‍ത്തിയ രോഗമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. നേരത്തെ കുടുംബത്തിലെ മുതിര്‍ന്നവര്‍ ചെറുപ്രായത്തില്‍ തന്നെ കല്യാണം തീരുമാനിക്കും. പക്ഷെ നിയമപ്രകാരമുള്ള കല്യാണപ്രായം 18 വയസാക്കിയതോടെ പെണ്‍കുട്ടികള്‍ ഒളിച്ചോടി ലൗ ജിഹാദ് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുവാനും തുടങ്ങി-എം.എല്‍.എ പറഞ്ഞു.
സംഭവം വിവാദമായതോടെ എം.എല്‍.എ വിശദീകരണവുമായി രംഗത്തെത്തി. 18 വയസിന് മുമ്പ് കല്യാണം നടത്തണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്നവര്‍ കല്യാണം ഉറപ്പാക്കണമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.