മഴക്കാലം എന്നാൽ പല രോഗങ്ങളുടെയും കൂടെ കാലമാണ് , പ്രത്യേകിച്ച് കുട്ടികളിലെ രോഗങ്ങൾ. പനി ,ജലദോഷം മുതൽ ഡെങ്കിപനി പോലുള്ള നിരവധി രോഗങ്ങളാണ് ഈ കാലയളവിൽ പടർന്ന് പിടിക്കുന്നത്.
കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്. ഇതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പടുന്നത് കഴിഞ്ഞ 2-3 വർഷമായി കുട്ടികൾ കൊവിഡ് ഐസൊലേഷനിൽ ആയിരുന്നതിനാൽ വൈറസുകളുമായുള്ള സമ്പർക്ക കുറവ്മൂലം കുട്ടികളിലെ ആന്റിബോഡികൾ ഇല്ലാതാവുകയും പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു.
മഴക്കാല രോഗങ്ങളെ ചെറുക്കാൻ മാതാപിതാക്കൾക്കായി ചില പൊടി കൈകൾ:
• കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുക, ഇത് പനി വരുമ്പോൾ ഉണ്ടാകുന്ന നിർജ്ജലീകരണത്തിന് ഒരു പരിധി വരെ സഹായകമാകും. ചായയോ കഫീൻ അടങ്ങിയ പാനിയങ്ങളോ കുട്ടികൾക്ക് അധികം നൽകാതിരിക്കുക, ഇത് നിർജ്ജലീകരണത്തിന് കാരണമാകും.
• കുട്ടികൾക്ക് പനി ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമൊക്കെ സർവ്വ സാധാരണമാണ്. എന്നാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണം കുട്ടികൾക്ക് നൽകാൻ മാതാപിതാങ്ങൾ ശ്രദ്ധിക്കുക.കുട്ടികൾക്ക് പനി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്ത്രരാകേണ്ട ആവശ്യമില്ല, കുട്ടികൾ പനി മൂലം അസ്വസ്ഥരാണെങ്കിൽ പാരസെറ്റമോൾ മാത്രം നൽകുക. പനി കുട്ടിയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗം മാത്രമാണ്.
• വ്യക്തി ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന വയറിളക്ക രോഗങ്ങൾ തടയാൻ സഹായിക്കുന്നു.
• സമീകൃതാഹാരം ശീലമാക്കുക , പുറത്തുനിന്നുള്ള ഭക്ഷണ പാനിയങ്ങൾ പരമാവധി ഒഴിവാക്കുക. കഴിവതും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാൻശ്രദ്ധിക്കുക.
• ഭക്ഷണത്തിൽധാരാളം പച്ചക്കറികളും ,പഴവർഗങ്ങളും, ഡ്രൈ ഫ്രൂട്ട്സും, നട്സും ഉൾപ്പെടുത്തുക. കുട്ടികളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും, കാരണം ഇത് ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ്, കൂടാതെ ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും സഹായകമാണ് .
• മഴക്കാലത്തെ മറ്റൊരു പ്രധാന പ്രശ്നമാണ് കൊതുകുകൾ പെരുകുന്നത്, ഇത് ഡെങ്കിപനി പോലെയുള്ള അപകടകരമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, കുട്ടികളെ ഫുൾസ്ലിവ് കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാനും ശ്രദ്ധിക്കുക.
• ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ, നനവും ഫംഗസ് അണുബാധയും ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റേണ്ടതാണ്.
• മഴക്കാലമായതിനാൽ കുട്ടികൾ പുറത്തിറങ്ങുമ്പോൾ കുടയോ റെയിൻ കോട്ടോ കൈയ്യിൽ കരുതുക. കുട്ടികൾ നനഞ്ഞ് വീട്ടിൽ എത്തിയാൽ ഉടൻ തന്നെ വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയതും വൃത്തിയുള്ളതുമായ വസ്ത്രം ധരിപ്പിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.
തയ്യാറാക്കിയത് :ഡോ. സുരേഷ് കുമാർ ഇ കെ, പീഡിയാട്രിക്സ് സീനിയർ കൺസൾട്ടന്റ് & എച്ച് ഒഡി ആസ്റ്റർ മിംസ് ,കോഴിക്കോട്