ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നാശം വിതച്ച് മഴ. കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 41 ആയി എന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു അറിയിച്ചു. സംസ്ഥാനത്തുടനീളം മഴ തുടരുകയാണ്. ഇത് മണ്ണിടിച്ചിലിലേക്കും പാലങ്ങള്‍ തകരുന്നതിലേക്കും നയിച്ചു. നദികളില്‍ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
മഴക്കെടുതിയില്‍ ഹിമാചലിലെ ജാദോണ്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ ഏഴംഗങ്ങളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഷിംലയിലെ സമ്മര്‍ഹില്‍ ഭാഗത്ത് കനത്ത മഴയില്‍ ക്ഷേത്രം തകര്‍ന്ന് 9 പേര്‍ മരിച്ചു. അപകടം നടക്കുമ്പോള്‍ ഏതാണ്ട് 50 പേര്‍ ക്ഷേത്രത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ബനാല്‍ ഗ്രാമത്തില്‍ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ മരിച്ചു. കാലാവസ്ഥ മോശമായി തുടരുന്നതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
സംസ്ഥാനത്തുടനീളമുള്ള 621 റോഡുകളാണ് മഴയില്‍ തകര്‍ന്നത്. ഹാമിര്‍പുര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 48 മണിക്കൂറായി തുടര്‍ച്ചയായി മഴ പെയ്യുകയാണ്. മഴയും മണ്ണിടിച്ചിലും വന്‍തോതിലുള്ള കൃഷിനാശത്തിനും കാരണമായി. ജൂണില്‍ സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിലും റോഡപകടങ്ങളിലും 257 പേരാണ് മരിച്ചത്. 7,020 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഴ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.