X

മഴ കുറഞ്ഞ് ഓഗസ്റ്റ്, വെന്തുരുകി കേരളം; ഇനി പ്രതീക്ഷ സെപ്തംബറില്‍

രാജ്യത്ത് കഴിഞ്ഞ 100 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഓ​ഗസ്റ്റ് മാസം ഇത്തവണത്തേതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ട്. സാധാരണ ലഭിക്കുന്നതിലും 30 മുതൽ 33 ശതമാനം വരെ കുറവാണ് മഴക്കണക്കിൽ ഓ​ഗസ്റ്റ് മാസം രാജ്യത്താകമാനം രേഖപ്പെടുത്തിയത്. എൽനിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമെന്നാണ് വിലയിരുത്തൽ.

കനത്ത ചൂടിൽ സംസ്ഥാനം വലയുമ്പോൾ, മഴക്കണക്കിൽ വന്നിട്ടുള്ള കുറവ് ആശങ്കയുയർത്തുന്നതാണെന്ന് കാലാവസ്ഥാ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. ഓഗസ്റ്റിൽ പത്തനംതിട്ട ജില്ലയിൽ ആകെ ലഭിക്കേണ്ടുന്ന മഴയുടെ ആറ് ശതമാനം മാത്രമാണ് ലഭിച്ചത്. പാലക്കാട് ഏഴ് ശതമാനവും മലപ്പുറം, തൃശൂർ എന്നിവിടങ്ങളിൽ 10 ശതമാനവുമാണ് മഴ ലഭിച്ചത്.

സെപ്‌തംബർ മൂന്നാം ആഴ്ച വരെയാണ്‌ തെക്കുപടിഞ്ഞാറൻ മൺസൂൺ സമയം. ആ സമയത്ത് ലഭിക്കുന്ന മഴയിലാണ് ഇനി പ്രതീക്ഷ. സെപ്തംബറിൽ പ്രതീക്ഷിക്കുന്ന തോതിൽ മഴ ലഭിച്ചാൽ തന്നെ നിലവിലെ കുറവ്‌ പരിഹരിക്കാൻ കഴിയില്ലെന്നാണ് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നത്.

സെപ്തംബറിൽ 94 മുതൽ 96 ശതമാനം വരെ മഴയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ തലവൻ മൃത്യുഞ്‌ജയ്‌ മൊഹാപാത്ര പറയുന്നു. 2005ലാണ് ഇതിനു മുമ്പ് വളരെ കുറഞ്ഞ മഴ ലഭിച്ച ഓ​ഗസ്റ്റ് കടന്നുപോയത്. അന്ന് 25 ശതമാനമായിരുന്നു മഴയിൽ കുറവുണ്ടായത്. 1965ൽ 24.6, 1920ൽ 24.4, 2009ൽ 24.1, 1913ൽ 24 ശതമാനം എന്നിങ്ങനെയാണ്‌ അതിനും മുമ്പ് ഓ​ഗസ്റ്റിലുണ്ടായ മഴക്കുറവ്‌.

webdesk13: