ലക്‌നോ: കനത്ത മഴയെ തുടർന്ന് ഉത്തര്‍പ്രദേശില്‍ 33 പേർ മരിച്ചു. ഉത്തർപ്രദേശിലെ പല ജില്ലകളിലും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 23 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ നാല് കുട്ടികളും ഉള്‍പെടും.
വെള്ളിയാഴ്ച രാവിലെ വരെ 33 പേരുടെ മരണം സ്ഥിരീകരിച്ചതായി ദുരിതാശ്വാസ കമ്മീഷണര്‍ സഞ്ജയ് കുമാര്‍ അറിയിച്ചു.
ലക്‌നോ, കാണ്‍പൂര്‍സ കനൗജ്, മഥുര, ആഗ്ര, മെയിന്‍പുരി, ഗാസിയാബാദ്, മീററ്റ്, ഹാപൂര്‍ എന്നിവിടങ്ങളിലാണ് മഴ കനത്ത നാശം വിതച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു വീഴുകയും റോഡുകളില്‍ വെള്ളം കയറി ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഹാപൂരില്‍ മതിലിടിഞ്ഞ് വീണു മൂന്നു വയസ്സുള്ള കുഞ്ഞും മീററ്റില്‍ വീട് തകര്‍ന്ന് സ്ത്രീയും മരിച്ചു. മുസഫര്‍നഗറില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടു യുവാക്കള്‍ക്കും ജീവന്‍ നഷ്ടമായി. ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഷംലി ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.