ന്യൂന മർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരും. 4 ദിവസം വടക്കൻ കേരളത്തിൽ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടത്തരം മഴക്കുമാണ് സാധ്യതയുള്ളത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെയുള്ള ന്യുന മർദ്ദ പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാൾ ഉൾകടലിനു മുകളിലായുള്ള ചക്രവാത ചുഴിയുമാണ് ഇതിന് കാരണം.
കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്കാണ് സാധ്യതയുള്ളത്. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം ഇന്ന് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.