തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായും അടുത്ത മൂന്നു ദിവസം ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്.
മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്.ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷം ഒരാഴ്ച വൈകിയാണ് എത്തിയതെങ്കിലും സാമാന്യം നല്ല മഴകിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം. അടുത്ത 72 മണിക്കൂര്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കും. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.
മധ്യകേരളത്തിലും,തെക്കന്‍ജില്ലകളിലും ശക്തമായ മഴക്ക് ഇടയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ട്. കടല്‍പ്രക്ഷുബ്ധമാണ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേരള തീരത്തിനും കര്‍ണ്ണാടകത്തിനും സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് കൂടുതല്‍ കനത്ത മഴക്ക് കാരണമാകും.
കഴിഞ്ഞ കാലവര്‍ഷക്കാലത്ത് ഉണ്ടായ പ്രളയത്തെ മുന്‍നിര്‍ത്തി അതീവ ജാഗ്രതപാലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അണക്കെട്ടുകളുടെ സംഭരണ ശേഷി, തുറന്നുവിടേണ്ട സാഹചര്യം എന്നിവയെക്കുറിച്ച് വൈദ്യുതി ബോര്‍ഡ് പ്രത്യേക മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉപഗ്രഹചിത്രം തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള ഡോപ്ലര്‍ റഡാറുകള്‍, തിരുവനന്തപുരത്ത് നിലവില്‍ വന്ന ചുഴലിക്കാറ്റ് പ്രവചന കേന്ദ്രത്തിന്റെ നിഗമനങ്ങള്‍ എന്നിവ യോജിപ്പിച്ച് കാലാവസ്ഥാ കേന്ദ്രം അപ്പപ്പോഴുള്ള കാലാവസ്ഥാ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നുണ്ട്.
സെപ്തംബര്‍ അവസാനം വരെയാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം. രാജ്യത്ത് ലഭിക്കേണ്ട ആകെ മഴയുടെ 70 ശതമാനവും ഈ കാലത്താണ് കിട്ടേണ്ടത്. മെയ് 10ന് ശേഷം സംസ്ഥാനത്തെ 14 മഴ മാപിനികളില്‍ തുടര്‍ച്ചയായ രണ്ട് ദിവസം 2.5 മി.മിറ്ററില്‍ അധികം മഴ രേഖപ്പെടുത്തണമെന്നാണ് കാലവര്‍ഷ പ്രഖ്യാപനത്തിനുള്ള പ്രധാന മാനദണ്ഡം. ഇത് അംഗീകരിച്ചതോടെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം കാലവര്‍ഷത്തിന്റെ വരവ് പ്രഖ്യാപിച്ചത്.
മഴക്കാലം ശക്തി പ്രാപിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താലൂക്ക് തലം വരെ ഉള്‍പ്പെടുത്തിയുള്ള മുന്നൊരുക്കം പൂര്‍ത്തിയാക്കി. കാലാവസ്ഥ പ്രവചനം കൂടുതല്‍ ശാസ്ത്രീയമാക്കാനുള്ള നടപടി വേണമെന്നും കോഴിക്കോട് ഡോപ്ലാര്‍ റഡാര്‍ സ്ഥാപിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാലാവസ്ഥ നിരീക്ഷണം കൃത്യവും വിപുലവുമാക്കാനായി സംസ്ഥാനത്തെ കാലാവസ്ഥ മാപിനികളുടെ എണ്ണം നൂറായി ഉയര്‍ത്താന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 35 കാലാവസ്ഥാ മാപിനികള്‍ സ്ഥാപിക്കാനുള്ള സ്ഥലം ഇതിനകം കണ്ടെത്തി കഴിഞ്ഞു.
എല്ലാ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ഒരു ഉദ്യോസ്ഥനെങ്കിലും വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെടുന്നു.
കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കണം. അടിയന്തര സാഹചര്യം വന്നാല്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.