X

കനത്ത കാറ്റിനും മഴയ്ക്കും കാരണം മേഘവിസ്‌ഫോടനം; അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

കൊച്ചി : മധ്യകേരളത്തില്‍ രാവിലെയുണ്ടായ കാറ്റിനും കനത്ത മഴയ്ക്കും കാരണം ലഘു മേഘവിസ്‌ഫോടനമെന്ന് സൂചന. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കാറ്റും മഴയും കനത്ത നാശം വിതച്ചത്.

അടുത്ത മൂന്നു മണിക്കൂറില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

സാധാരണ കാലവര്‍ഷക്കാലത്ത് രൂപപ്പെടാന്‍ സാധ്യതയില്ലാത്ത ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടുകയും അതില്‍ നിന്നും ശക്തമായ കാറ്റ് വീശിയടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും കനത്ത കാറ്റ് വീശാനിടയാക്കിയതെന്നും കാലാവസ്ഥ കേന്ദ്രം സൂചിപ്പിച്ചു.

കേരള തീരത്തു നിന്നും വെള്ളിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും, നാലു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല വീശിയടിക്കാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കി.

 

Test User: