തിരുവനന്തപുരം: രാസവസ്തുക്കളുടെ സഹായത്തോടെ വെള്ളത്തുള്ളികളാക്കി മാറ്റി കൃത്രിമമായി മഴ പെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിംഗ്. ധാരാളം മേഘങ്ങളുണ്ടെങ്കിലും മഴ പെയ്യാത്ത അവസ്ഥയിലാണു പ്രധാനമായും ക്ലൗഡ് സീഡിങ് പ്രയോഗിക്കുന്നത്. മേഘപടലങ്ങളിലെ നീരാവി ഘനീഭവിച്ചു ജല തുള്ളികളായി മാറുന്നില്ലെന്നതാണു പ്രശ്‌നം. നീരാവിയെ രാസവസ്തുക്കളുടെ സഹായത്തോടെ വെള്ളത്തുള്ളികളാക്കി മാറ്റി കൃത്രിമ മഴ പെയ്യിക്കുകയാണു ചെയ്യുന്നത്. പ്രധാനമായും മൂന്നുഘട്ടമായാണ് ഇതു ചെയ്യുന്നത്.
ആദ്യമായി അവിടവിടെയായി ചിതറി അലയുന്ന ചെറുമേഘങ്ങളെ ഒരുമിച്ചുകൂട്ടുന്നു. ഇതിനു ചില രാസവസ്തുക്കള്‍ ഉപയോഗിക്കും. ഒരു നിശ്ചിത പ്രദേശത്തുള്ള മേഘപടലങ്ങളെയെല്ലാം മഴ പെയ്യിക്കേണ്ട സ്ഥലത്തിന്റെ സമീപപ്രദേശങ്ങളിലായി ഒരുമിച്ചുകൂട്ടാമെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്. അടുത്തതായി വെള്ളത്തുള്ളികള്‍ രൂപമെടുക്കണം. അതിനായി നീരാവിയുടെ സൂക്ഷ്മ കണികകള്‍ ഒരുമിച്ചുകൂടണം. ചില രാസവസ്തുക്കള്‍ ഈ ഒരുമിച്ചുകൂടലിനു സഹായിക്കും. അങ്ങനെ ആ ചെറു ജലകണങ്ങള്‍ പറ്റിപ്പിടിക്കാന്‍ സഹായിക്കുന്ന യൂറിയ, അമോണിയം നൈട്രേറ്റ്, കാല്‍സ്യം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കള്‍ വിതറിക്കൊടുക്കും. ഇതിനുചുറ്റുമാണു ജലകണങ്ങള്‍ രൂപമെടുക്കുക.
മഴ പെയ്യുന്നതിനാവശ്യമായ വലുപ്പവും ഭാരവുമുള്ള ജലത്തുള്ളികളായി ഈ ചെറുജലകണങ്ങളെ മാറ്റുന്നതിന് സില്‍വര്‍ അയഡൈഡ്, ഡ്രൈ ഐസ് എന്നീ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കും. ഇതോടെ ജലകണികകള്‍ക്കു വലുപ്പം കൂടുകയും ഗുരുത്വാകര്‍ഷണം മൂലം മഴയായി താഴേക്ക് പതിക്കുകയും ചെയ്യുന്നു.ഭൂമിയില്‍നിന്ന് 12,000 അടി ഉയരത്തിലുള്ള, 2,000 മീറ്റര്‍ കനവും ആറു കിലോമീറ്റര്‍ നീളവുമുള്ള മേഘ പടലങ്ങളാണു കൃത്രിമ മഴ പെയ്യിക്കാന്‍ ഉത്തമമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. റഡാറുകളുടെ സഹായത്താലാണ് ഈ മേഘങ്ങള്‍ ഏറെയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുന്നത്. വിമാനത്തിന്റെ സഹായത്തോടെയോ റോക്കറ്റുപയോഗിച്ചോ മേഘപാളികളില്‍ രാസവസ്തുക്കള്‍ വിതറുന്നു. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനെത്തുടര്‍ന്നു ടോക്കിയോ നഗരത്തിലും ചുറ്റുവട്ടത്തും 12 വര്‍ഷങ്ങള്‍ങ്ങള്‍ക്കുശേഷം അടുത്തകാലത്തു കൃത്രിമ മഴ പെയ്യിച്ചിരുന്നു.
അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ലഭിക്കത്തക്കവിധം അന്തരീക്ഷത്തില്‍ രാസവസ്തുക്കള്‍ വിതറിയതോടെ 10 മില്ലിമീറ്റര്‍ വരെ മഴയാണു പെയ്തിറങ്ങിയത്. പ്രത്യേക ഉപകരണം വഴി അന്തരീക്ഷത്തില്‍ സില്‍വര്‍ അയഡൈഡ് അസറ്റോണ്‍ മിശ്രിതം വിതറുകയായിരുന്നു. യു.എസ് രസതന്ത്രജ്ഞനും കാലാവസ്ഥാശാസ്ത്രജ്ഞനുമായ വിന്‍സെന്റ് ഷെയ്ഫര്‍ ആണ് കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള ഒരു സാങ്കേതികവിദ്യ 1946ല്‍ ആദ്യമായി രൂപപ്പെടുത്തിയത്. ഡോ. ബര്‍ണാഡ് വോണ്‍ഗട്ട്, പ്രഫ. ഹെന്റി ചെസിന്‍ എന്നിവരും കൃത്രിമ മഴയുടെ ആദ്യകാല ഗവേഷകരാണ്.