X

കൊടുംചൂടില്‍ ആശ്വാസമായി വേനല്‍ മഴയെത്തി

കൊടുംചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴയെത്തി. ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ കിട്ടി. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ മലബാറിലും നാളെ വേനല്‍ മഴ പ്രതീക്ഷിക്കാം. നാളെ പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതില്‍ തന്നെ മലപ്പുറം ജില്ലയുടെ ചില ഒറ്റപ്പെട്ട ഭാഗങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. തെക്കന്‍ ജില്ലകളിലും തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ ശക്തമായ ഇടിയോട് കൂടി മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൊടും ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ വലിയ ആശ്വാസമായെങ്കിലും സംസ്ഥാനത്തെ ഉയര്‍ന്ന താപനിലയില്‍ വലിയ മാറ്റമൊന്നും ഉണ്ടാവില്ല് എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ അഭിപ്രായം. വരും ദിവസങ്ങളില്‍ വയനാട് ഒഴികെ എല്ലാ ജില്ലകളിലും താപനില ശരാശരിയിലും രണ്ട് ഡിഗ്രീ വരെ കൂടിയേക്കാം.
രാജ്യത്ത് ഇക്കുറി ശരാശരി മഴ ലഭിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചുവെങ്കിലും കാലവര്‍ഷം കുറയും എന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: