X

മഴ കുറയുമെന്ന് റിപ്പോര്‍ട്ട് ; ഓഗസ്റ്റില്‍ രാത്രിയും പകലും ചൂട് കൂടും

ജൂലായില്‍ കേരളത്തില്‍ സാധാരണ മഴ ലഭിച്ചെങ്കിലും ഈ മാസം മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. താരതമ്യേന രാത്രിയും പകലും ചൂട് കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കാലവര്‍ഷം തുടങ്ങി 62 ദിവസത്തിനിടെ പത്ത് ദിവസം മാത്രമാണ് കേരളത്തില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ പെയ്തത്. ജൂലൈ മാസത്തില്‍ സാധാരണ തോതില്‍ മഴ ലഭിച്ചെങ്കിലും ഒന്‍പത് ശതമാനം മഴയുടെ കുറവുണ്ടായി. ജൂണിലും മഴക്കുറവുണ്ടായിരുന്നു. 653.6 മി.മീറ്റര്‍ മഴയായിരുന്നു ജൂലായില്‍ കേരളത്തില്‍ സാധാരണ ലഭിക്കേണ്ടയിരുന്നത്. എന്നാല്‍ 591.5 മി.മീറ്റര്‍ മഴയാണ് ലഭിച്ചത്. സാങ്കേതികമായി 19% വരെ മഴ കുറവോ കൂടുതലോ സാധാരണ മഴ ആയാണ് കണക്കാക്കുക.
ജൂലായ് ഒന്നു മുതല്‍ 7 വരെ മിക്ക ദിവസവും ശരാശരിയില്‍ കൂടുതല്‍ മഴ ലഭിച്ചു. 21 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലും സാധാരണ മഴ ലഭിച്ചു. ജൂണിലെ മഴക്കുറവ് നികത്താത്തതിനാല്‍ ആഗസ്ത് രണ്ട് വരെ 36% മഴക്കുറവ് കേരളത്തില്‍ ഉണ്ട്. ജൂണ്‍ 26ന് ശേഷം ഒരു ദിവസം മാത്രമാണ് ശരാശരിയില്‍ കൂടുതല്‍ മഴ ലഭിച്ചത്.
പത്തനംതിട്ട കാസര്‍കോട് ജില്ലകളില്‍ സാധാരണ മഴയാണ് ജൂണ്‍ ഒന്നു മുതല്‍ ആഗസ്ത് രണ്ടുവരെയുള്ള കണക്ക് പ്രകാരം രേഖപ്പെടുത്തിയത്. ആലപ്പുഴ 23%, കണ്ണൂര്‍ 21, എറണാകുളം 29, ഇടുക്കി 54, കൊല്ലം 20, കോട്ടയം 42, കോഴിക്കോട് 48, മലപ്പുറം 36, പാലക്കാട് 41, തിരുവനന്തപുരം 35, തൃശൂര്‍ 40, വയനാട് 49 എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്ക് പ്രകാരം മഴ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ മാഹിയില്‍ 24 ശതമാനം മഴ കുറവുണ്ട്. അതേസമയം ലക്ഷദ്വീപില്‍ സാധാരണ തോതില്‍ മഴ ലഭിച്ചു 19 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്.

 

Chandrika Web: