X

വയനാട്ടില്‍ മഴ കുറഞ്ഞു; ആശങ്കകള്‍ അവസാനിക്കുന്നില്ല

കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളിലായി വയനാട് ജില്ലയില്‍ അനുഭവപ്പെടുന്ന ശക്തമായ മഴയ്ക്കു ശമനമായെങ്കിലും ആശങ്കകള്‍ പൊയ്‌തൊഴിയുന്നില്ല. കഴിഞ്ഞ നാല് ദിവസത്തിനിടെ പത്തിടത്ത് ഉരുള്‍പൊട്ടിയതിന്റെയും 20ലധികം സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞിടിഞ്ഞതിന്റെയും കെടുതികള്‍ ജില്ലയില്‍ ഇപ്പോഴും തുടരുകയാണ്. ബലി പെരുന്നാള്‍ ദിനത്തിലും വിവിധ ദുരിതാശ്വാസക്യാമ്പുകളിലായി ആയിരങ്ങളാണ് കഴിയുന്നത്. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നു.

മലവെള്ളപ്പാച്ചലില്‍ വരയാല്‍, 41-ാം മൈല്‍ എന്നിവിടങ്ങളിലെ പാലങ്ങള്‍ തകര്‍ന്നു. മേലെ വരയാല്‍ പ്രദേശത്തെ മാനന്തവാടി – തലശ്ശേരി റോഡുമായി ബന്ധിപ്പിക്കുന്ന പാലങ്ങളാണ് ഇത് രണ്ടും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് രണ്ട് പാലങ്ങളും തകര്‍ന്നത്. അതിനിടെ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഇന്നലെ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി ലഭിച്ചു. വിവിധ കേന്ദ്ര സേനാവിഭാഗങ്ങളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ പത്തുമല എസ്റ്റേറ്റ് ലയത്തിലെ പനീര്‍ശെല്‍വന്റെ ഭാര്യ റാണി (53)യുടെ മൃതദേഹമാണ് ലഭിച്ചത്. ഉരുള്‍പൊട്ടലില്‍ മരിച്ച പനീര്‍ശെല്‍വന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു.

നാലുമീറ്ററിലധികം ഉയരത്തില്‍ മണ്ണും പാറക്കഷണങ്ങളും മരങ്ങളും അടിഞ്ഞുകിടക്കുന്നതിനാല്‍ പുത്തമുലയില്‍ ഇപ്പോഴും തിരച്ചില്‍ ദുഷ്‌ക്കരമാണ്. മഴ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ് ശരാശരി 62.07 മില്ലിമീറ്ററായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ 150 മില്ലിമീറ്ററിനു മുകളിലായിരുന്നു മഴ. 24 മണിക്കൂറിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മാനന്തവാടി താലൂക്കിലാണ്. മാനന്തവാടിയില്‍ 101 മില്ലിമീറ്ററും വൈത്തിരിയില്‍ 53 മില്ലിമീറ്ററും സുല്‍ത്താന്‍ ബത്തേരിയില്‍ 32.2 മില്ലിമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്. മഴ കുറഞ്ഞ സാഹചര്യത്തില്‍ ബാണസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടിനു താഴെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. ബാണാസുര ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറന്നതിലൂടെ 1.565 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്.

കാരാപ്പുഴയുടെ മൂന്നു ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതം തുറന്നു 35.83 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കബനി റിസര്‍വോയിറിലൂടെ മൈസൂരിലേക്കും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുടുതല്‍ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തില്‍ നിലവില്‍ അനുഭവപ്പെടുന്ന വെള്ളംകെട്ടിന് പരിഹാരമാവുമെന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ 203 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അപകട സാധ്യത നേരിടുന്ന പ്രദേശങ്ങളിലെ 9,642 കുടുംബങ്ങളില്‍ നിന്നും 35,155 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ദിവസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്ന മുത്തങ്ങയിലടക്കമുളള ഗതാഗത തടസ്സത്തിന് അയവ് വരുന്നുണ്ട്. ഗുഡല്ലൂര്‍ വഴിയുള്ള ഊട്ടി റോഡ് അടഞ്ഞുകിടക്കുകയാണെന്ന് പൊലീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.

Test User: