കല്‍പ്പറ്റ: കാലവര്‍ഷത്തില്‍ ദുരന്തഭൂമിയായി മാറിയ വയനാടിന്റെ പുനരുദ്ധാരണത്തിന് സമഗ്ര പാക്കേജ് അനുവദിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ദുരിതത്തിലായ വയനാടന്‍ ജനതയുടെ ഭീതിയകറ്റുന്നതിനാവശ്യമായ യാതൊരു നടപടിയുമുണ്ടായിട്ടില്ല.
ദുരിതബാധിതരായി പല കേന്ദ്രങ്ങളിലും കഴിയുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ആവശ്യമായ സംവിധാനങ്ങളും പൂര്‍ണ്ണതോതില്‍ സജ്ജീകരിക്കുന്നതിലും അധികാരികള്‍ പരാജയമാണ്. ഭക്ഷണത്തിന് അപ്പുറമുള്ള കാര്യങ്ങളില്‍ അധികാരികള്‍ അലംഭാവമാണ് കാണിക്കുന്നത്. വയനാട്ടിലെ ക്യാമ്പുകളില്‍ ഒന്നും ചെയ്യേണ്ടെന്നും, എല്ലാം സര്‍ക്കാറിനെ ഏല്‍പ്പിച്ചാല്‍ മതിയെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രി ബദല്‍സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടിയെടുത്തില്ല. ജില്ലയില്‍ മഴക്കെടുതി ആരംഭിച്ച് പത്ത് ദിവസത്തിലധികമായിട്ടും ജില്ലാ കലക്ടര്‍ മാനന്തവാടി താലൂക്കില്‍ സന്ദര്‍ശനം നടത്താത്തത് കൃത്യവിലോപമാണ്.
ദുരന്തത്തിന് ഇരയായി എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ അടിയന്തര നടപടിയെടുക്കുക, കര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതി പ്രഖ്യാപിക്കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ദുരിത വര്‍ഷത്തില്‍ ആശ്വാസമായ സന്നാഹങ്ങള്‍ ഒരുക്കിയുള്ള സമഗ്ര പദ്ധതിക്ക് മുസ്‌ലിംലീഗ് രൂപം നല്‍കി.
കല്‍പ്പറ്റ ലീഗ് ഹൗസില്‍ നടന്ന ജില്ലാ-മണ്ഡലം ലീഗ് ഭാരവാഹികളുടെയും, പഞ്ചായത്ത് പ്രസിഡന്റ്-സെക്രട്ടറിമാരുടെയും, പോഷക സംഘടനാ ജില്ലാ ഭാരവാഹികളുടെയും യോഗത്തില്‍ വൈസ്പ്രസിഡന്റ് പി.കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
റിലീഫ് കമ്മിറ്റി രൂപരേഖ ടി മുഹമ്മദും, റിലീഫ് സെല്‍ പ്രവര്‍ത്തനം റസാഖ് കല്‍പ്പറ്റയും അവതരിപ്പിച്ചു.
ചര്‍ച്ചകള്‍ സി.മമ്മുട്ടി എം.എല്‍.എ ക്രോഡീകരിച്ചു. എം.എ മുഹമ്മദ് ജമാല്‍, കെ.കെ അഹമ്മദ് ഹാജി, എന്‍.കെ റഷീദ്, ഇബ്രാഹിം മാസ്റ്റര്‍, യഹ്‌യാഖാന്‍ തലക്കല്‍, ടി ഹംസ, പി.കെ അസ്മത്ത്, എം.എ അസൈനാര്‍, പി ഇസ്മായില്‍, സി.കെ ഹാരിഫ്, എം.പി നവാസ്, സലിം മേമന, കെ.എം.സി.സി ഭാരവാഹികളായ ഇബ്രാഹിം മുഹമ്മദ്, സൈനുദ്ദീന്‍, അന്‍വര്‍ അമീന്‍ സംസാരിച്ചു. സെക്രട്ടറി സി മൊയ്തീന്‍കുട്ടി സ്വാഗതം പറഞ്ഞു.