കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ മഴ കൂടി എത്തുന്നതോടെ വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍ദേശിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
വെള്ളപ്പൊക്കമുണ്ടായാല്‍ ക്യാമ്പുകള്‍ ക്രമീകരിക്കേണ്ടതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിലുള്ള സിഎഫ്എല്‍ടിസികള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കണം.
ആക്ടീവ് കേസുകള്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കി വരികയാണ്. ബിപിസിഎല്ലില്‍ ആരംഭിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ അവരവരുടെ പരിധിയില്‍ നടക്കുന്ന വിവാഹം, മരണം പോലുള്ള ചടങ്ങുകള്‍ പരിശോധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലനം ഉറപ്പാക്കും.