X

ഉത്തരാഖണ്ഡില്‍ 4,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ റെയില്‍വെ

നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലുള്ള ഹല്‍ദ്വാനി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ 4,000 കുടുംബങ്ങളെ ഒഴിപ്പിക്കുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള കോളനികളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രദേശം ഒഴിയാന്‍ നോട്ടീസ് നല്‍കി. ഏഴ് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന കേസില്‍ എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷമാണ് കോടതി റെയില്‍വേക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

വിധി വന്നതിനു പിന്നാലെ റെയില്‍വേ, റവന്യൂ ഉദ്യോഗസ്ഥ സംഘം ഡ്രോണ്‍ സര്‍വേ നടത്തി. പ്രദേശത്തെ 4,365 കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയില്‍വേയുടെ 2.2 കിലോമീറ്റര്‍ സ്ട്രിപ്പില്‍ നിര്‍മിച്ച വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കുന്നതിന് നടപടി ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. റെയില്‍വേയുടെ ഭൂമിയില്‍ അവകാശം ഉന്നയിക്കാന്‍ കൈയ്യേറ്റക്കാരുടെ പക്കല്‍ നിയമപരമായ ഒരു രേഖയും ഇല്ലെന്നായിരുന്നു റെയില്‍വേയുടെ വാദം. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെ സംബന്ധിച്ച് അഭിപ്രായം പറയാനില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.

അതേസമയം, പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ ഇനി എങ്ങോട്ടുപോകുമെന്നറിയാതെ വിഷമത്തിലാണ്. കോടതി ഉത്തരവിനെതിരെ പ്രതിഷേധം രേഖപ്പെടുത്താനായി പ്രദേശത്തെ ആയിരക്കണക്കിന് താമസക്കാര്‍ മെഴുകുതിരി കത്തിച്ചുകൊണ്ട് മാര്‍ച്ച് നടത്തി. ഒഴിപ്പിക്കുന്നവരില്‍ പലരും അവിടെ തന്നെ ജനിച്ചു വളര്‍ന്ന ആളുകളാണ്, ചില കുടുംബങ്ങള്‍ 4050 വര്‍ഷത്തോളമായി സ്ഥിര താമസക്കാരാണ്. 20 ഓളം പള്ളികളും ഒന്‍പത് ക്ഷേത്രങ്ങളും കൈയ്യേറ്റഭൂമിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെ രംഗത്തു വന്ന കോണ്‍ഗ്രസ്, സംസ്ഥാന സര്‍ക്കാര്‍ കേസിനെ ശരിയായ രീതിയില്‍ പരിഗണിക്കുന്നില്ലെന്നും കോടതിയില്‍ കേസ് ശരിയായി വാദിച്ചില്ലെന്നും ആരോപിച്ചു.

webdesk11: