കൊച്ചി: ട്രെയിനില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ മാറ്റിയതായി അവകാശപ്പെടുന്ന ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമെന്ന് റെയില്‍വേ.
ഒന്ന് മുതല്‍ നാലു വയസുവരെയുള്ള കുട്ടികള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യണമെങ്കില്‍ ടിക്കറ്റ് എടുക്കേണ്ടി വരുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഈ വാര്‍ത്തകളും മാധ്യമ റിപ്പോര്‍ട്ടുകളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് റെയില്‍വേ അറിയിച്ചു. കുട്ടികള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റെയില്‍വേ ഒരു മാറ്റവും വരുത്തിയിട്ടില്ല.
അതേ സമയം, യാത്രക്കാരുടെ ആവശ്യപ്രകാരം, അവര്‍ക്ക് വേണമെങ്കില്‍ ടിക്കറ്റ് വാങ്ങാനും അവരുടെ 5 വയസിന് താഴെയുള്ള കുട്ടിക്ക് ബര്‍ത്ത് ബുക്ക് ചെയ്യാനും ഒരു ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ഒരു പ്രത്യേക ബെര്‍ത്ത് ആവശ്യമില്ലെങ്കില്‍ മുമ്പത്തെപ്പോലെ തന്നെ യാത്ര സൗജന്യമാണ്. റെയില്‍വേ മന്ത്രാലയത്തിന്റെ 2020 മാര്‍ച്ച് മൂന്നിലെ ലെ സര്‍ക്കുലര്‍ പ്രകാരം, അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. എന്നാല്‍, ഒരു പ്രത്യേക ബെര്‍ത്ത് അല്ലെങ്കില്‍ സീറ്റ് നല്‍കില്ല. അതിനാല്‍ പ്രത്യേക ബര്‍ത്ത് ക്ലെയിം ചെയ്യുന്നില്ലെങ്കില്‍ ടിക്കറ്റ് എടുക്കേണ്ടതില്ല. ബെര്‍ത്ത് ആവശ്യമെങ്കില്‍ മാത്രം ടിക്കറ്റ് നിരക്ക് നല്‍കിയാല്‍ മതിയാവും.