മലപ്പുറം: അര ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് റെയിൽവേലൈൻ എത്തിക്കാനുള്ള പദ്ധതിക്ക് സാധ്യത മങ്ങി. ഇതിനുള്ള സർവേക്ക് റെയിൽവേയുടെ അനുമതി കിട്ടിയില്ല. നെടുമങ്ങാട്, കൊടുങ്ങല്ലൂർ, മലപ്പുറം, മഞ്ചേരി എന്നീ നഗരങ്ങളാണ് സംസ്ഥാനത്ത് ഈ ഗണത്തിലുള്ളത്. ഈ നഗരങ്ങളിലേക്കുള്ള ലൈനുകൾ ലാഭകരമായിരിക്കില്ല എന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.
ഉയർന്ന പ്രദേശങ്ങളും തീരമേഖലയും ഉള്ളതിനാൽ നിർമാണം കൂടുതൽ സാമ്പത്തിക ചെലവുള്ളതാകുമെന്നും നിർമിച്ചാൽത്തന്നെ റൂട്ടുകൾ ലാഭകരമായിരിക്കില്ലെന്നുമാണ് റെയിൽവേയുടെ നിഗമനം.
ഇവിടങ്ങളിലേക്ക് നിലവിൽ റെയിൽവേലൈൻ ഇല്ലെന്നും അതിനുള്ള സാധ്യതകൾ പഠിക്കണമെന്നും 2022 ഡിസംബറിൽ റെയിൽവേബോർഡ് സോണൽ ഓഫീസുകളോട് ആവശ്യപ്പെട്ടിരുന്നു. 52,405 ജനസംഖ്യയുള്ള തൊടുപുഴ നഗരത്തിന്റെ മാതൃകയാണ് ഇതോടൊപ്പം നൽകിയിരുന്നത്.
അങ്കമാലി-എരുമേലി ശബരി പാതയിൽ ഉൾപ്പെടുന്നതിനാലാണ് തൊടുപുഴയെ ഈ നഗരങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താതിരുന്നത്. നിർദിഷ്ട അങ്കമാലി-എരുമേലി ശബരിലൈനിന്റെ മൂന്നാംഘട്ടത്തിൽ നെടുമങ്ങാടും (ജനസംഖ്യ 60,161) ഉണ്ട്.