കോഴിക്കോട്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്ന ട്രെയിന്‍ ഗതാഗതം സംസ്ഥാനത്ത് പുനരാരംഭിച്ചു. ഇന്നു രാവിലെ മുതല്‍ സംസ്ഥാനത്തുടനീളം ട്രെയിനുകള്‍ സര്‍വീസ് നടത്തിത്തുടങ്ങി. മംഗലാപുരം – ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ – തിരുവനന്തപുരം, ഷൊര്‍ണൂര്‍ – കോയമ്പത്തൂര്‍ റൂട്ടുകളില്‍ ഗതാഗതം ഏറെക്കുറെ പൂര്‍വസ്ഥിതി കൈവരിച്ചിട്ടുണ്ട്.
12601 ചെന്നൈ – മംഗലാപുരം മെയില്‍ ഒരു മണിക്കൂര്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. കോയമ്പത്തൂര്‍ – മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് 45 മിനുട്ടും എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് രണ്ടര മണിക്കൂറും തിരുവന്തപുരം – മംഗലാപുരം ഏറനാട് എക്‌സ്പ്രസ് ഒരു മണിക്കൂറും വൈകിയോടുന്നു.
അതേസമയം, 10216 എറണാകുളം – മഡ്ഗാവ്, 12081 കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, 12802 തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി, 12201 ലോകമാന്യതിലക് – കൊച്ചുവേളി ഗരീബ്‌രഥ്, 12618 മംഗള ലക്ഷദ്വീപ്, 12678 എറണാകുളം – ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി തുടങ്ങിയ ചില തീവണ്ടികള്‍ ഓടുന്നില്ല.
അതേസമയം, കേരളത്തിലേക്കയക്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍ രാജ്യത്തെവിടെ നിന്നും സൗജന്യമായി അയക്കമാമെന്ന് റെയില്‍വേ വ്യക്തമാക്കി. പാസഞ്ചര്‍ ട്രെയിനുകളിലെ പാര്‍സല്‍ വാനുകളിലും ഇന്‍ട്രാ-സ്റ്റേറ്റ് കോച്ചിങ് ട്രെയിനുകളിലും ഈ സൗകര്യം ലഭ്യമാണ്. രാജ്യമെങ്ങുമുള്ള ഗവണ്‍മെന്റ് ഓര്‍ഗനൈസേഷനുകള്‍ക്കും എന്‍.ജി.ഒകള്‍ക്കും മറ്റ് സന്നദ്ധ സംഘടനകള്‍ക്കും ഇത് ഉപയോഗപ്പെടുത്താം. ദുരിതാശ്വാസത്തിന്റെ ഭാഗമായി ട്രെയിനുകളില്‍ അധികബോഗി ഘടിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഡി.ആര്‍.എമ്മുമാര്‍ക്ക് റെയില്‍വേ അധികാരം നല്‍കി. സാധാരണ പാര്‍സല്‍ വാനുകള്‍ ദുരിതാശ്വാസ വസ്തുക്കള്‍ക്കു വേണ്ടി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നും എല്ലാ സോണുകളിലെയും റെയില്‍വേ ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച നിര്‍ദേശത്തില്‍ റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി.