തീവണ്ടികളുടെ വേഗം കൂട്ടാൻ സംസ്ഥാനത്തെ റെയിൽ പാളത്തിൽ പണി തുടങ്ങി. വേഗം 130 കിലോമീറ്ററിൽ എത്തിക്കാനാണ് പാത നവീകരിക്കുന്നത്. രാജ്യത്ത് 53 റൂട്ടുകളിൽ പാത നവീകരിക്കുന്നുണ്ട്. അതിൽ രണ്ടു പാതകൾ കേരളത്തിലാണ്.
മെഗാ റെയിൽ ബ്ലോക്ക് ഏർപ്പെടുത്തി വ്യാഴാഴ്ച ചാലക്കുടി പാലത്തിലെ ഗർഡറുകൾ മാറ്റിയത് ഇതിന്റെ ഭാഗമാണ്. കേരളത്തിൽ തിരുവനന്തപുരം-കോഴിക്കോട് (400 കിലോമീറ്റർ), കണ്ണൂർ-കോഴിക്കോട് (89 കിലോമീറ്റർ) എന്നിവയാണ് നവീകരിക്കുന്നത്. ഇതിനൊപ്പം തിരുവനന്തപുരം-മധുര (301) റൂട്ടുമുണ്ട്. പുതിയ സിഗ്നലിങ് സംവിധാനം, വളവ് നികത്തൽ, പാളം,പാലം അറ്റകുറ്റപ്പണി അടക്കം ഇവയിലുണ്ട്. 160 കിലോമീറ്റർ വേഗം കൂട്ടാനുള്ള എ കാറ്റഗറിയിൽ ഇന്ത്യയിൽ നാല് റൂട്ടുകളാണ് ഉള്ളത്. കേരളത്തിൽ ബി-കാറ്റഗറിയാണ് (130 കിലോമീറ്റർ വേഗം). വന്ദേഭാരത് കേരളത്തിൽ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇതിന്റെ സൂചന റെയിൽവേ മന്ത്രാലയം നൽകിയിരുന്നു.
കേരളത്തിലെ അടിസ്ഥാന വേഗമായ 100-110 കിലോമീറ്ററിൽ കുറവ് വരുന്ന സ്‌പോട്ടുകളെക്കുറിച്ച് റെയിൽവേ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. നിലവിൽ വേഗക്കുറവ് ഉള്ളത് ഷൊർണൂർ-എറണാകുളം സെക്ഷനിലാണ്. പുതിയ പാത ഉൾപ്പെടെ ഇവിടെ നിർമ്മിക്കണം. അതിന് മുൻപ് ലൂപ്പ് ലൈൻ നിർമ്മാണം ഉൾപ്പെടെ നിലവിൽ സാധ്യമായ വേഗം കൂട്ടൽ പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചത്.
റെയിൽവേയിൽ ഇപ്പോൾ ഭൂരിഭാഗവും ഉപയോഗിക്കുന്നത് പഴയ രീതിയിലുള്ള സിഗ്‌നലിങ് സംവിധാനമാണ്. രണ്ടു സ്റ്റേഷനുകൾക്കിടയിൽ ഒരു തീവണ്ടി മാത്രമേ ഒരേ സമയത്ത് കടത്തി വിടാൻ പറ്റുകയുള്ളു. ഒരു വണ്ടി അടുത്ത സ്റ്റേഷനിൽ എത്തിയാൽ മാത്രമേ അടുത്തതിന് പുറപ്പെടാൻ പറ്റു. അപ്പോൾ പാതയുടെ ശേഷി പൂർണ്ണമായും ഉപയോഗിക്കാൻ കഴിയില്ല. ഇതിന് പകരം ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഘട്ടമായി നടപ്പാക്കാനാണ് ശ്രമം. തീവണ്ടികളുടെ ഇടവേള പരമാവധി കുറക്കാൻ ഇതിന് സാധിക്കും. ഒരു വണ്ടി പുറപ്പെട്ട് അഞ്ച് മിനുട്ടിനുള്ളിൽ അടുത്ത വണ്ടിക്ക് പുറപ്പെടാം. ഇത് വന്നാൽ വന്ദേഭാരതിന്റെ യാത്രയിൽ മറ്റു വണ്ടികൾക്ക് പിടിച്ചിടേണ്ടി വരില്ല.