ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കില്‍പ്പെട്ട് 18 പേര്‍ മരിച്ച സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് തയാറാക്കിയ റിപ്പോര്‍ട്ട് പുറത്ത്.
ദുരന്തം നടന്നിട്ട് രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത നിവാരണ സേനക്ക് കോള്‍ ലഭിച്ചത് 40 മിനിറ്റിലധികം വൈകിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടക്കുന്നത് രാത്രി 9.15നാണെന്ന് റെയില്‍വേ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍, ഡല്‍ഹി പൊലീസില്‍ നിന്ന് ആദ്യ കോള്‍ ലഭിച്ചത് രാത്രി 9.55നാണ് എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് പറയുന്നു. രാത്രി 8.48നാണ് തിരക്കുണ്ടായതെന്നും ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ഡ്യൂട്ടിയിലുള്ള സ്റ്റേഷന്‍ ഇന്‍ചാര്‍ജിന് ആ സമയം തന്നെ നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം 12,16 പ്ലാറ്റ്ഫോമുകളില്‍ തിരക്ക്കൂടുതലായിരുന്നെന്നും കുംഭമേളക്കായി പ്രയാഗ്രാജിലേക്ക് പോകുന്നവരായിരുന്നു കൂടുതല്‍ യാത്രക്കാരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഷന്‍ ഡയറക്ടറും ആര്‍.പി.എഫിന്റെ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണറും ജീവനക്കാരും യഥാക്രമം രണ്ട്, മൂന്ന് ഓവര്‍ ബ്രിഡ്ജുകളിലെത്തി തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ പ്രയാഗ്‌രാജിലേക്കുള്ള പ്രത്യേക ട്രെയിന്‍ പെട്ടെന്ന് അനൗണ്‍സ് ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക ട്രെയിന്‍ 16 ാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് എത്തുമെന്നായിരുന്നു അറിയിപ്പ്. 12-13 , 14-15 പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാര്‍ ഇതോടെ 16 ആം പ്ലാറ്റ്ഫോമിലേക്ക് ഓടുകയായിരുന്നു.
അതേസമയം അപകടം നടന്ന സ്ഥലത്തെ സി.സി.ടി.വി കാമറ പ്രവര്‍ത്തനരഹിതമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ പ്രയാഗ്രാജിലേക്കുള്ള ട്രെയിനിനായി അനിയന്ത്രിതമായി ജനറല്‍ ടിക്കറ്റ് വിതരണം ചെയ്തതായും വിവരമുണ്ട്.