X
    Categories: CultureMoreNewsViews

റെയില്‍വേയും ഇനി വിമാത്താവള മാതൃകയില്‍; 20 മിനിറ്റ് മുമ്പ് ചെക്ക് ഇന്‍

ന്യൂഡല്‍ഹി: വിമാനത്താവള മാതൃകയില്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നു. പരിശോധനക്കായി ട്രെയിന്‍ സമയത്തിന്റെ 15-20 മിനിറ്റ് മുമ്പ് യാത്രക്കാരന്‍ എത്തണമെന്നാണ് പുതിയ തീരുമാനം.
പദ്ധതിയുടെ ആദ്യഘട്ടമായി ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാസംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രയാഗ്‌രാജ് റെയില്‍വെ സ്‌റ്റേഷനില്‍ നടപ്പാക്കി. കുംഭമേളയോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ചാണ് പ്രയാഗ് രാജ് സ്റ്റേഷന്‍ ആദ്യഘട്ടമായി തിരഞ്ഞെടുത്തിരിക്കുന്നത്. കര്‍ണാടകയിലെ ഹൂബ്ലി സ്‌റ്റേഷന്‍ ഉള്‍പ്പെടെ 202 റെയില്‍വെ സ്‌റ്റേഷനുകളിള്‍ ഈ മാസം പദ്ധതി നടപ്പിലാവും. ഘട്ടംഘട്ടമായി മറ്റു സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. സ്‌റ്റേഷനുകളുടെ സുരക്ഷ വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതിനടപ്പിലാക്കുന്നത്. സ്‌റ്റേഷനുകളിലെ മുഴുവന്‍ പ്രവേശന കവാടങ്ങളും ആര്‍പിഎഫിന്റെ നിയന്ത്രണത്തിലാക്കും. കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള ഫെയ്‌സ് ഡിറ്റക്ഷന്‍ സോഫ്റ്റ്‌വെയര്‍ സംവിധാനവും ആര്‍പിഎഫ് ഉദേ്യാഗസ്ഥരുടെ പക്കലുണ്ടാകും.
എല്ലാ കവാടത്തിലും സുരക്ഷാ പരിശോധനക്ക് സംവിധാനമുണ്ടാവും. പരിശോധനകള്‍ മൂലം യാത്ര വൈകാതിരിക്കാന്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 20 മിനിറ്റ് മുന്‍പ് എത്തണം. ഇന്റര്‍ഗ്രേറ്റഡ് സെക്യൂരിറ്റി സംവിധാനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് 2016–ല്‍ അനുമതി ലഭിച്ചിരുന്നു. പൂര്‍ണമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 385 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: