X

റെയില്‍വേ: അനൗണ്‍സ്‌മെന്റിന് പകരം ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ വരുന്നു

 

നടപ്പാക്കുന്നത് സ്വകാര്യപങ്കാളിത്തത്തോടെ, പരസ്യങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
റെയില്‍വേ സ്റ്റേഷനുകളില്‍ അനൗണ്‍സ്‌മെന്റ് സംവിധാനം അവസാനിപ്പിക്കുന്നു. പകരം ട്രെയിനുകളുടെ വരവും പുറപ്പാടും അറിയിക്കാന്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് റെയില്‍വേ. ട്രെയിന്‍ വിവരങ്ങള്‍ക്കൊപ്പം പരസ്യങ്ങളും പ്രദര്‍ശിപ്പിച്ച് വരുമാനമുണ്ടാക്കുകയും ഇത് സ്വകാര്യ കമ്പനികളുമായി പങ്കിട്ടെടുക്കാനുമാണ് ആലോചന. റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങളിലെ ഏറ്റവും ഒടുവിലത്തേതാണ് സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പുതിയ ഇന്‍ഫര്‍മേഷന്‍ സംവിധാനം. ഐ.ആര്‍. സി.ടി.സി നിലവിലുണ്ടായിരിക്കെ ടിക്കറ്റ് റിസര്‍വേഷന് സ്വകാര്യവെബ്‌സൈറ്റുകള്‍ക്ക് അനുമതി നല്‍കുന്നതിന് പിന്നാലെയാണിത്.
അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 2000 റെയില്‍വേ സ്റ്റേഷനുകളിലായി 10 ലക്ഷം എല്‍.ഇ.ഡി സ്‌ക്രീനുകള്‍ ഏര്‍പ്പെടുത്തും. ഇതുസംബന്ധിച്ചുള്ള പ്രാഥമിക നിര്‍ദേശങ്ങള്‍ സോണുകള്‍ക്ക് കൈമാറിയതായാണ് വിവരം. സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും പരസ്യത്തിലൂടെ നിലവില്‍ 300 കോടി രൂപയാണ് പ്രതിവര്‍ഷം റെയില്‍വേക്ക് കിട്ടുന്നത്. ഇത് 10,000 കോടിയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. മൊത്തം വരുമാനത്തില്‍ യാത്രക്കൂലി ഒഴികെയുള്ള വരുമാനവിഹിതം ഏഴ് ശതമാനം മാത്രമാണ്. ഇത് 20 ശതമാനത്തിലേക്ക് എത്തിക്കലാണ് പുതിയ സംരംഭത്തിലൂടെ ആലോചിക്കുന്നത്. അതേസമയം സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭമാണെന്നതുകൊണ്ട് വരുമാനത്തിലെ നല്ലൊരുപങ്കും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കേണ്ടിവരും. റെയില്‍വേയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സ്വകാര്യ ഏജന്‍സികള്‍ വരുമാനമുണ്ടാകുന്ന സ്ഥിതിയാകും ഫലത്തിലുണ്ടാവുക. പുതിയ സംവിധാനത്തില്‍ ട്രെയിനുകളുടെ തല്‍സമയ വിവരങ്ങളും സീറ്റ് ഒഴിവുമടക്കവുമുള്ള കാര്യങ്ങള്‍ എല്‍.ഇ.ഡി സ്‌ക്രീനുകള്‍ വഴി വിവിധ ഭാഷകളില്‍ നല്‍കാനാണ് ആലോചിക്കുന്നത്. സ്റ്റേഷനുകളിലെ നടപ്പാലങ്ങള്‍, പ്ലാറ്റ്‌ഫോമുകള്‍, വിശ്രമമുറികള്‍, അടക്കം എല്ലാ പ്രധാന ഭാഗങ്ങളിലും സ്‌ക്രീനുകള്‍ സ്ഥാപിക്കും. ട്രെയിനുകളുടെ എല്ലാ കോച്ചുകളിലുള്ളവര്‍ക്കും കാണാവുന്ന വിധത്തിലാവും എല്‍.ഇ.ഡി സ്‌ക്രീനുകള്‍ വിന്യസിക്കുക. പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ഡല്‍ഹി അടക്കം 10 പ്രധാന സ്റ്റേഷനുകളിലാണ് എല്‍.ഇ.ഡി ഇന്‍ഫര്‍മേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുക.
അനൗണ്‍സ്‌മെന്റിന് പുറമെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റും. ഡി-വിഭാഗം സ്റ്റേഷനുകളില്‍ വരെ ഓഡിയോ, വീഡിയോ പരസ്യങ്ങള്‍ കൂടുതലായി പ്രദര്‍ശിപ്പിക്കുന്നതിനാണ് തീരുമാനം. ഡിസ്‌പ്ലേ ബോര്‍ഡുകള്‍, അനൗണ്‍സ്‌മെന്റ് സംവിധാനം, സി.സി.ടി.വി.അടക്കമുള്ളവ കൂടുതല്‍ വ്യാപിപ്പിക്കും. റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള വാര്‍ത്താവിനിമയ കമ്പനിയായ റെയില്‍ടെല്‍ ആണ് പരസ്യങ്ങള്‍ ഏകീകരിക്കുക. നിലവില്‍ സ്റ്റേഷന്‍ തലത്തിലും ഡിവിഷന്‍ തലത്തിലും പരസ്യദാതാക്കളുടെ പരസ്യം പുതുക്കി നല്‍കിയിരുന്നില്ല. പരസ്യനിയമം വരുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത് നിര്‍ത്തിവെച്ചത്. ഇനി സോണല്‍ തലത്തിലായിരിക്കും പരസ്യത്തിന് ടെണ്ടര്‍ വിളിക്കുക. റെയില്‍ടെല്‍ വിവിധ ഭാഷകളില്‍ ഡിജിറ്റല്‍ സംവിധാനം ഒരുക്കും. റെയില്‍ ഡിസ്‌പ്ലേ നെറ്റ്‌വര്‍ക്കിലെ(ആര്‍.ഡി.എന്‍) പരസ്യവരുമാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റെയില്‍ ടെല്ലുമായി റെയില്‍വേ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പരസ്യം നല്‍കാന്‍ ലൈസന്‍സ് എടുത്തവരായിരിക്കും പരസ്യ ഉപകരണങ്ങളും മറ്റും സ്ഥാപിക്കേണ്ടത്. റെയില്‍വേയും റെയില്‍ടെല്ലുമായി 65:35 എന്ന തോതിലാണ് പരസ്യവരുമാനം പങ്കിടുക. പത്തുവര്‍ഷത്തേക്കാണ് കരാര്‍.

chandrika: