X

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം; റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കൊല്ലം : പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയ കൊല്ലം കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം സ്‌ക്വാഡിന്റെ തലവന്‍ മുഹമ്മദ് ഫൈസലിന് സസ്‌പെന്‍ഷന്‍. എന്നാല്‍ സ്‌ക്വാഡിലെ മറ്റ് നാല് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ നല്‍കി .കഴിഞ്ഞ ഒക്ടോബര്‍ 20 ന് സ്റ്റാര്‍ പദവിയുള്ള തേവള്ളി റാവീസ്, കൊല്ലം ബീച്ച് ഹോട്ടല്‍ , തേവള്ളിയിലെ ആള്‍ സീസണ്‍സ് റിസോര്‍ട്‌സ്, ചിന്നക്കടയിലെ ഹോട്ടല്‍ നാണി എന്നിവിടങ്ങളില്‍ നിന്ന് മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തില്‍ ആഴ്ചകള്‍ പഴക്കമുള്ള ഭക്ഷണങ്ങള്‍ പിടിച്ചിരുന്നു. അതോടൊപ്പം മത്സ്യം, ഇറച്ചി , ചപ്പാത്തി, ഫ്രൈഡ് റൈസ്, കൊഞ്ച്, ചൈനീസ് കോണ്ടിനന്റല്‍ വിഭവങ്ങളും പിടിച്ചെടുത്തിരുന്നു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തില്‍ സുരേഷ് ബാബു , അനില്‍കുമാര്‍, കിരണ്‍, ടോംസ് ,മനു എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത് . റെയ്ഡ് നടന്ന പിന്നീടുള്ള ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നടക്കം ശക്തമായ സമ്മര്‍ദ്ധം ഉണ്ടായിരുന്നു.ഹോട്ടലുടമകളുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും പരാതി നല്‍കിയിരുന്നു.

പിടിച്ചെടുത്ത സാധനങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചതും ചിത്രങ്ങള്‍ എടുത്തതിനാലും അന്വേഷണത്തില്‍ വേണ്ട ജാഗ്രത കാണിച്ചില്ലെന്ന കുറ്റത്തിനാണ് സസ്‌പെന്‍ഷനെന്ന് കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറി വി.ആര്‍ രാജു പറഞ്ഞു . സിപിഎം ഭരിക്കുന്ന കൊല്ലം കോര്‍പറേഷനാണ് സത്യസന്ധമായി ജോലി ചെയ്ത ഉദ്യോഗസ്ഥനെ അകാരണമായി സസ്‌പെന്‍ഡ് ചെയ്തത് .സിപിഎമ്മുമായ അടുത്ത ബന്ധമുള്ള പ്രമുഖ വ്യവസായിയുടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉള്‍പ്പെടെ റെയ്ഡ് നടന്നത് സിപിഎമ്മിനും കൊല്ലം കോര്‍പറേഷനും ഏല്‍പ്പിച്ച ആഘാതം ചെറുതല്ലായിരുന്നു.

chandrika: