കൊച്ചി: നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ രാജ്യത്തെ ജ്വല്ലറികളില്‍ നടന്ന സ്വര്‍ണ വില്‍പന കസ്റ്റംസ് അധികൃതര്‍ പരിശോധിക്കുന്നു. നോട്ട് നിരോധനം വന്നയുടന്‍ വ്യാപകമായി സ്വര്‍ണ വില്‍പന നടന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന. കൊച്ചിയിലെ 15 ജ്വല്ലറികള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. നോട്ട് നിരോധനം നിലവില്‍ വന്ന ഈ മാസം എട്ടിന് രാത്രിയില്‍ വലിയ തോതില്‍ സ്വര്‍ണ വില്‍പന ഈ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് നടന്നിരുന്നു.
കണക്കില്‍പ്പെടാത്ത സ്വര്‍ണ വില്‍പന നടത്തിയതായും കള്ളപ്പണ ഇടപാടിന് സ്വര്‍ണ വില്‍പന ഉപയോഗപ്പെടുത്തിയതായും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. സാധാരണ ഒരു ദിവസം മൂന്നു കിലോ സ്വര്‍ണം വില്‍പന നടത്തിയിരുന്ന ജ്വല്ലറികളില്‍ ഈ ദിവസം 30 കിലോഗ്രാം വരെ സ്വര്‍ണ വില്‍പന നടന്നിരുന്നു.
എഴ്,എട്ട് തിയതികളിലെ വില്‍പന രജിസ്റ്റര്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ രണ്ടു ദിവസങ്ങളിലെയും വില്‍പന താരതമ്യം ചെയ്യുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.