ന്യൂഡല്‍ഹി: ഏതാനും മാസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കുതിപ്പിന് പിന്നില്‍ പെയ്ഡ് സര്‍വീസെന്ന് ബി.ജെ.പി. രാഹുലിന്റെ ട്വീറ്റുകള്‍ വന്‍തോതില്‍ റിട്വീറ്റു ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ആരോപണവുമായി ബി.ജെ.പി രംഗത്തുവന്നത്. രാഹുലിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ആയ ‘ഓഫീസ്ഓഫ്ആര്‍ജി’യുടെ ട്വീറ്റുകള്‍ കുറച്ചുകാലമായി മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റില്‍ മോദിയുടെ ട്വീറ്റുകളേക്കാള്‍ കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. രാഹുലിന്റെ ട്വിറ്റര്‍ ജനപ്രിയതക്കു പിന്നില്‍ ബോട്‌സുകള്‍ (റിട്വീറ്റ് ചെയ്യാനായി പണം വിലക്കുവാങ്ങുന്ന സര്‍വീസ്) ആണെന്ന വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയുടെ റിപ്പോര്‍ട്ടാണ് ബി.ജെ.പിയുടെ ആരോപണത്തിന് ആധാരം.
ഒക്ടോബര്‍ 15ന് രാഹുല്‍ മോദിയെ കുറിച്ച് ട്വീറ്റ് ചെയ്ത ‘വേഗവം മോദിജി, പ്രസിഡണ്ട് ട്രംപ് മറ്റൊരു ആലിംഗനം കൂടി ആവശ്യപ്പെടുന്നുണ്ട്’ എന്ന രാഹുലിന്റെ ട്വീറ്റ് വളരെ വേഗത്തിലാണ് 20000 തവണ റിട്വീറ്റ് ചെയ്യപ്പെട്ടത്. ഇപ്പോള്‍ ഇത് മുപ്പതിനായിരം കടന്നു. റഷ്യ, കസാഖിസ്താന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ട്വിറ്റര്‍ ബോട്ടുകള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ട്വീറ്റുകള്‍ വ്യാപകമായി റിട്വീറ്റ് ചെയ്യുന്നു എന്നാണ് എ.എന്‍.ഐ പറയുന്നത്. വോട്ടര്‍മാരെ കൈയിലെടുക്കാനായി ഡാറ്റ അപഗ്രഥന കമ്പനിയായ കാംബ്രിഡ്ജ് അനാലിറ്റിക കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയവും റിപ്പോര്‍ട്ട് ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം യു.എസ് പ്രസിഡണ്ട ഡൊണാള്‍ഡ് ട്രംപിന്റെ സാമൂഹിക മാധ്യമ ഇടപെടല്‍ നിയന്ത്രിച്ച കമ്പനിയാണ് കാംബ്രിഡ്ജ് അനാലിറ്റിക.
ട്വറ്ററില്‍ ഒരു ട്വീറ്റിട്ടാല്‍ പിന്നീടെന്ത് സംഭവിക്കുന്നു എന്നത് നമ്മുടെ നിയന്ത്രണത്തിലല്ലെന്ന് കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പ്രതികരിച്ചു. ഇക്കാര്യത്തില്‍ വ്യക്തതയ്ക്കു വേണ്ടി ട്വിറ്ററിനെ സമീപിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ചയിലെ കണക്കു പ്രകാരം രാഹുലിന് 3.81 ദശലക്ഷം ട്വിറ്റര്‍ ഫോളോവേഴ്‌സും ശരാശരി 3352 റിട്വീറ്റുകളുമാണ് ഉള്ളത്.
രാഹുല്‍ മോദിയേക്കാള്‍ മുമ്പില്‍
2015 മുതലുള്ള ട്വിറ്റര്‍ അപഗ്രഥനത്തില്‍, ആ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഷെയറിങ് ഉണ്ടായ രാഷ്ട്രീയ നേതാവ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളാണ്. ഓരോ ട്വീറ്റിനും ശരാശറി 1665 റിട്വീറ്റുകളാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. ഈ വേളയില്‍ മോദിക്ക് ലഭിക്കുന്ന ശരാശറി റി ട്വീറ്റുകള്‍ 1342 ആയിരുന്നു.
2015 മെയിലാണ് രാഹുല്‍ തന്റെ ആദ്യത്തെ പോസ്റ്റ് ട്വീറ്റ് ചെയ്യുന്നത്. അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ അദ്ദേഹം മോദിയെയും കെജ്‌രിവാളിനെയും സാമൂഹിക മാധ്യമത്തില്‍ വെല്ലുവിളിക്കാന്‍ ശേഷി നേടി. 2016 സെപ്തംബറില്‍ രാഹുലിന്റ റിട്വീറ്റ് ശരാശരി 2784 ഉം മോദിയുടേത് 2506 ഉം ആയിരുന്നു. കെജ്‌രിവാളിന്റേത് 1722ഉം. ഈ വര്‍ഷം ജൂലൈ മുതല്‍ രാഹുലിന്റെ ട്വിറ്റര്‍ വളര്‍ച്ച ഏറെ മുമ്പോട്ടാണ്. മോദിയുടേത് കുത്തനെ കീഴ്‌പ്പോട്ടും. ഒക്ടോബറില്‍ രാഹുലിന്റെ ട്വീറ്റിന് 3800 റിട്വീറ്റുകളാണ് ലഭിക്കുന്നതെങ്കില്‍ മോദിക്ക് ലഭിക്കുന്നത് 2300 മാത്രം.
അതേസമയം, ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ രാഹുലിനേക്കാള്‍ ബഹുദൂരം മുന്നിലാണ് മോദി. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ട്വിറ്ററില്‍ പിന്തുടരുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവാണ് മോദി. ഇദ്ദേഹത്തിന് 35.6 ദശലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്. രാഹുല്‍ഗാന്ധിക്ക് 3.79 ദശലക്ഷം ഫോളോവേഴ്‌സ് മാത്രമേയുള്ളൂ. കെജ്‌രിവാളിന് 12.5 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.
ചുക്കാന്‍ പിടിക്കുന്നത് രമ്യ
തമിഴ്്-തെലുങ്ക് നടിയും കോണ്‍ഗ്രസ് വനിതാ നേതാവുമായി ദിവ്യ സ്പന്ദന എന്ന രമ്യയ്ക്കാണ് കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമവിഭാഗം ചുതമല. ഇവര്‍ ചുമതലയേറ്റെടുത്തതിന് ശേഷം വന്‍ മാറ്റങ്ങളാണ് കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും സാമൂഹിക മാധ്യമ വളര്‍ച്ചയിലുണ്ടായിരുന്നത്. നേരത്തെ, ലോക്‌സഭാ എം.പിയായിരുന്ന ദീപേന്ദര്‍സിങ് ഹൂഡയാണ് സോഷ്യല്‍ മീഡിയാ വിഭാഗം കൈകാര്യം ചെയ്തിരുന്നത്. ഈ വര്‍ഷം മെയിലാണ് രാഹുല്‍ വിഭാഗത്തില്‍ അഴിച്ചുപണി നടത്തിയത്.
Tweet to @divyaspandana
നാല്‍പ്പതിലേറെ സിനിമകളില്‍ അഭിനയിച്ച രമ്യ 2012ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സാമൂഹിക മാധ്യമങ്ങളില്‍ 4,83,000 ഫോളോവേഴ്‌സുള്ള നേതാവു കൂടിയാണ് ഇവര്‍.