ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജി വെക്കാനുള്ള തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലാതെ രാഹുല്‍ ഗാന്ധി. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ താന്‍ പങ്കാളിയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേരത്തെ തന്നെ രാഹുല്‍ തന്റെ സ്ഥാനം വിട്ടൊഴിയാനുള്ള തീരുമാനം അറിയിച്ചിരുന്നു.
പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ താന്‍ പങ്കെടുക്കില്ല. അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. അതിനാല്‍ പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തീരുമാനിക്കട്ടെ-രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. 2014നേക്കാള്‍ എട്ടു സീറ്റു മാത്രമായിരുന്നു കൂടുതല്‍ നേടിയത്. ഈ സാഹചര്യത്തിലാണ് രാഹുല്‍ രാജി വക്കാന്‍ തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനത്തില്‍ നിന്നു പിറകെ പോവാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങുന്നില്ല.