X

ദക്ഷിണേന്ത്യ അർഹിക്കുന്ന പുതിയ സർക്കാരിനെ നൽകും: രാഹുൽ ഗാന്ധി

കോയമ്പത്തൂർ: ത്രിദിന സന്ദർശനത്തിന് തമിഴ്‌നാട്ടിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിക്ക് തമിഴ് ജനതയുടെ ഊഷ്മള വരവേൽപ്പ്. മൂന്ന് ദിവസം നീളുന്ന സന്ദർശനം കോയമ്പത്തൂരിൽ നിന്ന് ഇന്ന് ആരംഭിച്ചു. തമിഴ് ഭാഷയേയും സംസ്‌കാരത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹുമാനമില്ലെന്നും തമിഴ്‌നാടിന് അവർ അർഹിക്കുന്ന പുതിയ സർക്കാറിനെ നൽകുമെന്നും രാഹുൽ പറഞ്ഞു.

തമിഴ് ഭാഷയോടും സംസ്‌കാരത്തോടും മോദിക്ക് ബഹുമാനമില്ല. തമിഴ് ഭാഷയും സംസ്‌കാരവും ജനങ്ങളും മോശമാണെന്നാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം. ഒരു ഭാഷ, ഒരു സംസ്‌കാരം എന്നിവ ഇന്ത്യയിലുടനീളം നടപ്പിലാക്കാനാണ് മോദിയുടെ ശ്രമം. അതിനെതിരായാണ് നമ്മുടെ പോരാട്ടം. തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് തുടങ്ങി എല്ലാ ഭാഷകൾക്കും ഇന്ത്യയിൽ ഇടമുണ്ടെന്ന് രാഹുൽ ഓർമിപ്പിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി കോൺഗ്രസ് പ്രവർത്തിക്കും. രാഹുൽ പറഞ്ഞു.

ആളുകളുടെ പ്രതീക്ഷകളും ആവശ്യങ്ങളും തകർക്കുന്നതിനും ഏതാനും ചങ്ങാത്ത മുതലാളിമാർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നതിനുമുള്ള മോദി ഗവൺമെന്റിന്റെ നയത്തിന്റെ ഫലമാണ് രാജ്യത്തെ കർഷകർ അനുഭവിക്കുന്നത്. കർഷകരുടെ പ്രതിഷേധത്തിന് കാരണമായ മൂന്ന് വിവാദ കാർഷിക നിയമങ്ങളെക്കുറിച്ച് സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യയിൽ മികച്ച മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. നിർമാണം, വ്യവസായവൽക്കരണം, തൊഴിൽ തുടങ്ങിയവ.ിലെല്ലാം തമിഴ്‌നാടിനെ രാജ്യത്തിന് മാതൃകയാക്കാവുന്നതാണ്. എന്നാൽ, നിലവിൽ തമിഴ്‌നാട്ടിലെ യുവാക്കൾക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണുള്ളത്. തമിഴ്‌നാട്ടിലെ കർഷകരും ദുരിതത്തിലാണെന്നും രാഹുൽ പറഞ്ഞു.

ഇന്ന് കോയമ്പത്തൂരിലും തിരുപ്പൂരും വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രാഹുൽ തുടർന്ന് ഈറോഡ്, കാരൂർ തുടങ്ങിയ സ്ഥലങ്ങളിലും വിവധ പരിപാടികളിൽ പങ്കെടുക്കും. ഈ മാസം 27ന് രാഹുൽ ഗാന്ധി കേരളത്തിലുമെത്തുന്നുണ്ട്.

 

adil: