രാഹുല്‍ ഗാന്ധിയുടെ പിന്നില്‍ അണിനിരക്കാന്‍ കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളും തയാറാകുമെന്ന് വി.ഡി.സതീശൻ പറഞ്ഞു .രാഹുല്‍ ഗാന്ധിയെ വേട്ടയാടാനുള്ള സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ കോണ്‍ഗ്രസിനൊപ്പം യു.ഡി.എഫും സമരമുഖം തുറക്കുകയാണ്. യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളും ഈ പോരാട്ടത്തില്‍ അണിചേരും. കേരളത്തിലെ മുഖ്യമന്ത്രിയും സി.പി.എമ്മും രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കി പ്രസ്താവനകള്‍ പുറപ്പെടുവിക്കുമ്പോള്‍ തന്നെ പ്രതിഷേധിച്ച കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി വേട്ടയാടുകയാനിന്നും വി.ഡി.സതീശൻ പറഞ്ഞു.ഇന്നലെ രാജ്ഭവന് മുന്നിലും കോഴിക്കോടും നടന്നത് ക്രൂരമായ നരനായാട്ടാണ്.
ഒരു വശത്ത് രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കുകയും മറുവശത്ത് പ്രതിഷേധം നടത്തുന്നവരുടെ തല അടിച്ച് പൊട്ടിക്കുകയും ചെയ്യുന്ന രീതിയാണ് മുഖ്യമന്ത്രി നടപ്പാക്കുന്നത്. ഇരട്ട അജണ്ടയുമായാണ് സംസ്ഥാന സര്‍ക്കാര്‍ നില്‍ക്കുന്നത്. തലയ്ക്ക് മീതെ ഡെമോക്ലീസിന്റെ വാള് പോലെ നില്‍ക്കുന്ന കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ബി.ജെ.പി നേതൃത്വവുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയില്‍ എത്തിയിരിക്കുന്നത്. അതിന് വേണ്ടിയാണ് പ്രതിഷേധിക്കുന്നവരെ മര്‍ദ്ദിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് പ്രതിഷേധക്കാരെ പൊലീസ് ആക്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.