അയോഗ്യനാക്കിയതിന് ശേഷം കോലാറിലെത്തിയ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കും ബി.ജെ.പി ക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.പ്രധാനമന്ത്രി അദാനിക്ക് പണം നൽകുന്നു, എന്നാൽ കോൺഗ്രസ് ദരിദ്രർക്കും യുവാക്കൾക്കും മഹിളകൾക്കും നൽകുന്നുവെന്ന് രാഹുൽ പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മോദി ആയിരക്കണക്കിന് കോടി അദാനിക്ക് കൊടുക്കുമ്പോൾ ഞങ്ങൾ പാവപ്പെട്ടവർക്ക് ആ പണം നൽകുന്നു. ബിജെപി സർക്കാർ എന്ത് ചെയ്തു? 40% കമ്മീഷൻ വിഴുങ്ങി. പാവപ്പെട്ടവരുടെ പണം കട്ടു. ഇത് ഞാൻ അല്ല പറഞ്ഞത്, കോൺട്രാക്ടർമാരുടെ അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയതാണ്. ഇന്ന് വരെ മോദി അതിന് മറുപടി നൽകിയോ? മറുപടി നൽകാത്തത്തിന് അർത്ഥം ഇവിടെ അഴിമതി നടക്കുന്നു എന്ന് മോദിക്ക് അറിയാം എന്നത് തന്നെയാണ്.
കർണാടകയിൽ ജോലി തട്ടിപ്പുകൾ വ്യാപകമാണ്. അദാനിയെക്കുറിച്ച് പ്രധാനമന്ത്രിയോട് ഞാൻ ചോദിച്ചപ്പോൾ എന്റെ മൈക്ക് ഓഫ് ചെയ്തു. ഞാനെന്താണ് ചോദിച്ചത്.അദാനിയും മോദിയും തമ്മിൽ എന്താണ് ബന്ധം എന്നാണ് ഞാൻ ചോദിച്ചത്. പാർലമെന്റിൽ ഞാൻ ഒരു ഫോട്ടോ കാണിച്ചു. അദാനിയുടെ വിമാനത്തിൽ, സ്വന്തം വീട്ടിൽ ഇരിക്കുന്നത് പോലെ മോദി ഇരിക്കുന്ന ഫോട്ടോ കാണിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അദാനിക്ക് തീറെഴുതുന്നു. വിമാനത്താവളങ്ങളുടെ നടത്തിപ്പിന് പരിചയം വേണമെന്ന് നിയമമുണ്ട്. ഓസ്ട്രേലിയയിൽ മോദി പോയ വേദിയിൽ അദാനിയും എസ്ബിഐ ബോർഡ് അംഗവും ഉണ്ടായി. അതിന് ശേഷം എസ്ബിഐ അദാനിക്ക് ആയിരം കോടി ലോൺ നൽകി. പ്രധാനമന്ത്രി ഏത് വിദേശ രാജ്യങ്ങളിൽ പോയാലും അവിടത്തെ പ്രധാന കരാറുകൾ അദാനിക്ക് കിട്ടും.
അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപിക്കപ്പെട്ട 20,000 കോടി രൂപ ആരുടേതാണ്. ബിജെപി മന്ത്രിമാർ പാർലമെന്റ് തടസ്സപ്പെടുത്തി എന്നെപ്പറ്റി നുണ പറഞ്ഞു. എനിക്ക് മറുപടി പറയാൻ ഉണ്ടെന്ന് പല തവണ ഞാൻ സ്പീക്കർക്ക് കത്ത് എഴുതി. സംസാരിക്കാൻ അനുമതി കിട്ടിയില്ല. ഓഫിസിൽ നേരിട്ട് പോയും സ്പീക്കാറോട് അഭ്യർത്ഥിച്ചു. ചിരിച്ചു കൊണ്ട് തനിക്കൊന്നും ചെയ്യാനാകില്ലെന്ന് സ്പീക്കർ പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ പാവപ്പെട്ടവർക്കായി എന്തു ചെയ്യും എന്ന ചോദ്യം കുറച്ച് ദിവസമായി കേൾക്കുന്നുണ്ട്. ഹിമാചൽ അടക്കം നിരവധി സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നു. എന്തെല്ലാം ചെയ്യണം എന്ന് നേതാക്കൾ തന്നോട് ചോദിച്ചു. നടപ്പിലാക്കാവുന്ന വാഗ്ദാനങ്ങൾ നൽകൂ, അത് ആദ്യ മന്ത്രി സഭാ യോഗത്തിൽ തന്നെ നടപ്പാക്കൂ എന്നാണ് താൻ പറഞ്ഞത്. ഇത് തന്നെയാണ് തനിക്ക് കർണാടക നേതാക്കളോടും പറയാനുള്ളത്.രാഹുൽ ഗാന്ധി പറഞ്ഞു.