X

രാഹുലിനെതിരായ നീക്കം മോദിയെ തിരിച്ചടി്ക്കുമോ?

കെ.പി ജലീല്‍

രാഹുല്‍ഗാന്ധിയെയും കോണ്‍ഗ്രസിനെയും പ്രതിപക്ഷകക്ഷികളെയാകെയും തുറുങ്കിലലടക്കുന്ന മോദിസര്‍ക്കാരിന്റെ നീക്കം ഇന്ത്യയുടെ ജനാധിപത്യപാരമ്പര്യത്തിനെതിരാണ്. പക്ഷേ ഇതുകൊണ്ട് മോദിയും കൂട്ടരും പ്രതീക്ഷിക്കുന്ന ഫലം അവര്‍ക്ക് ലഭിക്കുമോ ? ഇല്ലെന്നാണ് പലരും വിലയിരുത്തുന്നത്. മോദിയെ ജനം പ്രതീക്ഷയോടെ കണ്ട രണ്ട്‌തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമാണ് മുന്നിട്ടുനിന്നിരുന്നത്. പ്രതിപക്ഷത്തെ നേതാക്കളെയൊന്നാകെ നിഷ്പ്രഭമാക്കുന്നതായിരുന്ന മോദിയുടെ വരവും അധികാരാരോഹണവും. മുസ്‌ലിംകളായിരുന്നു അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും മുഖ്യശത്രുക്കള്‍.ഹിന്ദുത്വമാണ് അതിന്റെ മുഖമുദ്ര. എന്നാല്‍ ഇ്‌പ്പോള്‍ രണ്ടാം ഘട്ടത്തില്‍ പ്രതിപക്ഷത്തെ ആകെ അടിച്ചൊതുക്കുകയും ജയിലിലടക്കുകയും ചെയ്യുകയാണ് മോദിയും കൂട്ടരും. വിമാനത്താവളത്തില്‍വെച്ചാണ് കോണ്‍ഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തത്. അതിന് പറഞ്ഞകാരണം മോദിയെ വിമര്‍ശിച്ചുവെന്നതായിരുന്നു. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ മോദിയെ പുറത്താക്കൂ എന്ന പോസ്റ്റര്‍ പതിച്ചതിനാണ് നിരവധി പേരെ അറസ്റ്റ ്‌ചെയ്തത്. പോസ്റ്റര്‍ അച്ചടിച്ച പ്രസുടമകളും അറസ്റ്റിലായി. മദ്യനയം കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ സൂത്രധാരകരിലൊരാളുമായ മനീഷ്‌സിസോദിയയെ ജയിലിലട
ച്ചിരിച്ചിരിക്കുന്നു.


ഇപ്പോഴിതാ പ്രതിപക്ഷത്തെ ഏറ്റവും ഉയര്‍ന്ന നേതാവും മോദിയുടെ നയങ്ങളുടെ വിമര്‍ശകനുമായ രാഹുല്‍ഗാന്ധിക്കെതിരെ കേട്ടുകേള്‍വിയില്ലാത്തനീക്കമാണ് മോദി നടത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കളളന്മാര്‍ക്കെല്ലാം മോദിയുടെ പേരുവരുന്നതെന്തുകൊണ്ട് എന്ന് ചോദിച്ചതിനാണ് ബി.ജെ.പി ഗുജറാത്ത് മുന്‍മന്ത്രിയുടെ പരാതിയില്‍ കേസെടുത്തതും ഗുജറാത്ത് കോടതി രണ്ടുവര്‍ഷത്തേക്ക് രാഹുലിനെ ശിക്ഷിച്ചിരിക്കുന്നതും. വിദേശത്തുപോയി ഇന്ത്യയെ അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു പാര്‍ലമെന്റിലുംപുറത്തും ബി.ജെ.പി മന്ത്രിമാര്‍ രാഹുലിനെതിരെ ബഹളം വെച്ചത്. ജനാധിപത്യം ഇന്ത്യയില്‍ ഹനിക്കപ്പെടുന്നുവെന്ന് പറഞ്ഞതിനാണിത്.
ഇതെല്ലാം വ്യക്തമാക്കുന്നത് മോദിയുടെ ഏകാധിപത്യശൈലി പരിധി വിട്ട് പുറത്തുവരുന്നു എന്നതാണ്. ആദ്യമത് മുസ്‌ലിംകള്‍ക്ക്മാത്രമെതിരെ ആയിരുന്നെങ്കില്‍ ഇപ്പോഴത് സകല ജനാധിപത്യസീമകളും കടന്ന് പ്രതിപക്ഷത്തെ എതിര്‍ശബ്ദങ്ങളെയാകെ അടിച്ചൊതുക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. മുമ്പ് മറ്റൊരു പ്രധാനമന്ത്രി സമാനമായി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും എതിര്‍ശബ്ദങ്ങളെ നിയന്ത്രിക്കുകയും ചെയ്തപ്പോള്‍ രാജ്യം അവര്‍ക്ക് തക്കതായി ശിക്ഷ നല്‍കി പുറത്തുനിര്‍ത്തിയത് മറക്കാനാവില്ല. പിന്നീട്‌തെറ്റ് ഏറ്റുപറഞ്ഞാണ് ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തി വീണ്ടും ഏഴുവര്‍ഷത്തോളം രാജ്യം ഭരിച്ചത്.

അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായും” എന്ന ചൊല്ലിനെയാണ് ഇവിടെ മോദി പ്രതീകവല്‍കരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാംഗത്വം രണ്ടുവര്‍ഷത്തെശിക്ഷകാരണം അയോഗ്യവല്‍കരിക്കപ്പെട്ടാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് കോണ്‍ഗ്രസിനും നഷ്ടംബി.ജെ.പിക്കുമായിരിക്കും. ഒരുകാലത്തും സമാനമായി രാജ്യത്തെ ഒരു നേതാവിനെതിരെ അയോഗ്യതാനീക്കമുണ്ടായിട്ടില്ല. ക്രിമിനല്‍ കേസുകളില്‍ രണ്ടുവര്‍ഷമോ അതിലധികമോ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യരാകുമെന്ന നിയമവ്യവസ്ഥയാണ് രാഹുലിനെതിരെ ഉപയോഗിച്ചിരിക്കുന്നത്. അപകീര്‍ത്തിക്കേസിലെ പരമാവധി ശിക്ഷയാണിത്. ഇത് പക്ഷേ മോദിയുടെ കുടുംബപ്പേര് ചൂണ്ടിക്കാട്ടിയാണെങ്കിലും അത് നിലനില്‍ക്കാന്‍ സാധ്യത കുറവാണ്. സര്‍ക്കാരിനെയും ഭരിക്കുന്നവരെയും വിമര്‍ശിക്കാന്‍ ഭരണഘടനാപരമായി തന്നെ പൗരന് അവകാശമുണ്ടെന്നത് കോടതികള്‍ക്ക് മറച്ചുപിടിക്കാനാവില്ല. മുമ്പ് ഇതേ മോദി തന്നെ ജവഹര്‍ലാല്‍ നെഹ്രുവിനും ഇന്ദിരാഗാന്ധിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയപ്പോള്‍ കേസെടുത്തത് മറ്റൊരു സംസ്ഥാനത്ത് -രാജസ്ഥാന്‍- ആണെന്ന് പറഞ്ഞാണ് കേസ് റദ്ദാക്കപ്പെട്ടത്. ആ വ്യവസ്ഥ വെച്ചും രാഹുലിനെതിരായ കേസ് ദുര്‍ബലമാകാനാണിട. മാത്രമല്ല, സംസ്ഥാനങ്ങളിലെ കോടതികളേക്കാള്‍ ആര്‍ജവമുള്ള കോടതിയും ജഡ്ജിമാരുമാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിയമിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞദിവസമാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ നിയമനം സംബന്ധിച്ച് കൊളീജിയം ശുപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കാത്തതിനെതിരെ കൊളീജിയം സര്‍ക്കാരിനെ വിമര്‍ശിച്ചത്.


ഇതൊക്കെ കാരണം മോദിയുടെ നിലവിലെ നീക്കങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പടുത്തിരിക്കെ അദ്ദേഹത്തിനും ബി.ജെ.പിക്കും തിരിച്ചടിയാകുമെന്നാണ് കരുതപ്പെടേണ്ടത്. മോദിയുടെ ആര്‍ജവമായി ഇതിനെ ചുരുക്കം പേര്‍ക്ക് മാത്രമേ കാണാനാകൂ. പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെ അയോഗ്യനാക്കിയാലത് ആവോട്ടര്‍മാരോടും രാജ്യത്തെ പ്രതിപക്ഷത്തോടും 70 ശതമാനം വരുന്ന പ്രതിപക്ഷത്തിന് വോട്ടുചെയ്ത ജനതയോടുമുള്ള വെല്ലുവിളിയാകും. അതിലേക്ക് മോദി കടക്കുമോ എന്നാണ് ഇനി രാഷ്ട്രം ഉറ്റുനോക്കുന്നത.് അഴിമതിക്കെതിരായി സ്വന്തം സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് പോലും വലിച്ചുകീറിയ നേതാവാണ് രാഹുലെന്നത് ജനം ഓര്‍ക്കും. രണ്ടുവര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ട ജനപ്രതിനിധിയെ മൂന്നുമാസം വരെ അയോഗ്യരാക്കരുതെന്ന ഡോ. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്‌കീറിയെറിഞ്ഞ രാഹുലിന്റെ ഇച്ഛാശക്തി ഇന്നും അതേപടിനില്‍പുണ്ടെന്നത് ആരും മറന്നുകാണില്ല.

 

 

Chandrika Web: