ഗാന്ധി നഗര്‍: കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി രാഹുല്‍ഗാന്ധി എത്തുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേല്‍. 2019-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് പട്ടേല്‍ പറഞ്ഞു. പ്രധാനമന്ത്രിയാവുമെന്ന രാഹുലിന്റെ പരാമര്‍ശത്തില്‍ അനാവശ്യ ഇടപെടലുമായി ബി.ജെ.പി രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്.
രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ‘കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാവുമോ എന്നാണ് രാഹുലിനോട് ചോദിച്ചത്. ഏതെങ്കിലും നേതാവ് പാര്‍ട്ടിയില്‍ നിന്ന് പ്രധാനമന്ത്രിയാകില്ലെന്ന് ആരെങ്കിലും പറയുമോ? അദ്ദേഹം ധാര്‍ഷ്ഠ്യം കൊണ്ടല്ല അങ്ങനെ പറഞ്ഞത്. ഇവിടെ കുറേ നേതാക്കന്‍മാര്‍ ധാര്‍ഷ്ഠ്യമുള്ളവരുണ്ട്. രാഹുലിന് കുറച്ചുപോലും ധാര്‍ഷ്ഠ്യം ഇല്ല. ഒരു തരത്തിലും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നയാളുമല്ല. കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനെന്ന നിലയില്‍ ഒരു ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ചോദിച്ച സാഹചര്യം മനസ്സിലാക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മനസ്സിലാകും എന്താണ് രാഹുല്‍ പറഞ്ഞതെന്ന്. അദ്ദേഹം ഒരു അധികാരമോഹിയല്ല. എന്നാല്‍ പ്രധാനമന്ത്രിയാകാന്‍ താനില്ലെന്ന് പറഞ്ഞാല്‍ പാര്‍ട്ടി അണികള്‍ നിരാശരാകും. രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും അവര്‍ പ്രധാമന്ത്രിയാവില്ലെന്ന് പറഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ ബഹളമായിരുന്നു’-അഹമ്മദ് പട്ടേല്‍ പറഞ്ഞു. 2019-ല്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ്സ് അധികാരത്തിലെത്തുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് വലിയ കക്ഷിയായാല്‍ 2019-ല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ തന്നെ നരേന്ദ്ര മോദി രാഹുലിനെതിരെ രംഗത്തുവന്നു. പ്രധാനമന്ത്രിയാകാന്‍ തയ്യാറെന്ന് പറയുന്നതിലൂടെ രാഹുല്‍ ധാര്‍ഷ്ഠ്യം കാണിക്കുകയാണെന്ന് മോദി പറഞ്ഞു.
എന്നാല്‍, മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം രംഗത്തെത്തി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാല്‍ പ്രധാനമന്ത്രി ആരാകണമെന്നു തീരുമാനിക്കുക മോദിയല്ല, കോണ്‍ഗ്രസാണെന്നു കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ആഞ്ഞടിച്ചു. രാജ്‌നാഥ്‌സിംഗ് ബിജെപി അധ്യക്ഷനായിരുന്നപ്പോള്‍ ‘നിങ്ങള്‍ക്കായി ബിജെപി സര്‍ക്കാര്‍’ എന്ന മുദ്രാവാക്യം ‘നിങ്ങള്‍ക്കായി മോദി സര്‍ക്കാര്‍’ എന്നു തിരുത്തിയ ചരിത്രമാണു ബിജെപിക്കുള്ളതെന്നും ചിദംബരം പറഞ്ഞിരുന്നു.