X

മോദിക്കെതിരെ ആക്ഷേപം; അയ്യര്‍ മാപ്പു പറയണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാഴ്ന്നവനെന്ന് ആക്ഷേപിച്ച മണിശങ്കര്‍ അയ്യര്‍ മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെ അയ്യര്‍ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പിയും പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ വളരെ മോശം ഭാഷ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് വ്യത്യസ്തമായ സംസ്‌കാരവും പാരമ്പര്യവുമാണുള്ളത്. മണിശങ്കര്‍ അയ്യര്‍ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാകില്ല. അദ്ദേഹം അതില്‍ മാപ്പുപറയുമെന്നാണ് താനും പാര്‍ട്ടിയും കരുതുന്നത്’- രാഹുല്‍ ട്വിറ്റ് ചെയ്തു.

അയ്യരുടെ വാക്കുകള്‍ നിര്‍ഭാഗ്യകരമായി പോയെന്നും താനതിനെ എതിര്‍ക്കുന്നുവെന്നും ഗുജറാത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് പ്രതികരിച്ചു. ഇതിനു പിന്നാലെ തന്റെ വാക്ക് തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്ന വിശദീകരണവുമായി മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തി. നീച് എന്ന് ഹിന്ദിയില്‍ പറഞ്ഞത് പ്രധാനമന്ത്രിയുടെത് താഴ്ന്ന നിലവാരമാണെന്ന് സൂചിപ്പിക്കാനാണെന്നും പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശമായ പരാമര്‍ശം നടത്തിയ മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും കോണ്‍ഗ്രസ് പുറത്താക്കി. പ്രധാനമന്ത്രിയെ തരംതാഴ്ന്നവനെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് നടപടി.

chandrika: