ഷംസീര്‍ കേളോത്ത്:
ദില്ലിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആഘോഷത്തിമിര്‍പ്പിലാഴ്ത്തി രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം. ദില്ലിയിലെ 24 അക്ബര്‍ റോഡലുള്ള എഐസിസി ഓഫീസിനു മുന്നില്‍ പതിനായിരങ്ങളാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് കാണാന്‍ തടിച്ചു കൂടിയിരുന്നത്. കൊടും ശൈത്യത്തിലും അതിരാവിലെ മുതല്‍ക്കുതന്നെ വന്‍പ്രവര്‍ത്തക പ്രവാഹമാണ് പാര്‍ട്ടി ഓഫീസിനു മുന്നിലായി തടിച്ചു കൂടിയത്. ദില്ലി മെട്രോയില്‍ എഐസിസി ഓഫീസ് പരിസരത്തേക്ക് വന്നവര്‍ ലോക് കല്ല്യാണ്‍ മെട്രോ സ്‌റ്റേഷനില്‍ നിന്ന് പ്രകടനമായാണ് എത്തിക്കൊണ്ടിരുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ദില്ലി പോലീസ് നന്നായി പാടുപെടുന്നുണ്ടായിരുന്നു. പടക്കം പൊട്ടിച്ചും പൂക്കള്‍ വിതറിയും പരമ്പരാഗത കലാരുപങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുമാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാന നിരത്തുകളിലെല്ലാം രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ആലേഘനം ചെയ്തുള്ള വലിയ കട്ടൗട്ടുകള്‍ കാണാമായിരുന്നു. രാവിലെ എട്ടുമണിക്കു തന്നെ പാസ്സ് ലഭിച്ചവര്‍ പാര്‍ട്ടി ഓഫീസിനു പുറത്ത് പ്രത്യേകം സജ്ജീകരിച്ച വേദിക്കരികില്‍ സ്ഥാനം പിടിച്ചിരുന്നു. പരിപാടി തുടങ്ങുന്നതിനും മുന്‍പ് സ്ഥലത്തെത്തിയിട്ടും കേരളത്തില്‍ നിന്നടക്കമുള്ള പല നേതാക്കള്‍ക്കും പരിപാടി നടക്കുന്ന സദസ്സിലേക്ക് കയറിയിരിക്കാന്‍ കഴിഞ്ഞില്ല. മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാകുമാറിനെ മറ്റൊരു ഗേറ്റ് വഴിയാണ് സദസ്സിലേക്ക് പ്രവേശിപ്പിച്ചത്. ദില്ലിയിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥികളുടേതടക്കം വിദ്യാര്‍ത്ഥി -യുവജന സാനിദ്ധ്യം ശ്രദ്ധേയമായിരുന്നു.