പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയതെന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ആരോപണം തള്ളി ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗം. ഹിന്ദുക്കൾക്കും ഹിന്ദു സമൂഹത്തിനും എതിരെ രാഹുൽ മോശം പരാമർശം നടത്തിയിട്ടില്ലെന്ന് സഞ്ജയ് റാവുത്ത് എം.പി വ്യക്തമാക്കി. മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നാണ് രാഹുൽ ചൂണ്ടിക്കാട്ടിയതെന്നും സഞ്ജയ് റാവുത്ത് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിച്ച പ്രസംഗമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ നടത്തിയത്. വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാൻ ആവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഹിന്ദു എന്ന് അവകാശപ്പെടുന്നവർ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും വ്യാപൃതരാകുന്നതെങ്ങനെയാണെന്നും രാഹുൽ ചോദിച്ചു.
ബി.ജെ.പിക്കും മോദിക്കുമെതിരെ രാഹുൽ നടത്തിയ രൂക്ഷ വിമർശനം ഹിന്ദു സമൂഹത്തിനെതിരാണെന്ന് ആരോപിച്ച് വഴിതിരിച്ചുവിടാൻ പ്രധാനമന്ത്രിയും മുതിർന്ന മന്ത്രിമാരും ശ്രമം നടത്തി. സ്പീക്കർ ഓം ബിർളയും മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ശിവരാജ് സിങ് ചൗഹാൻ, ലാലൻ സിങ്, ഭൂപേന്ദ്ര യാദവ് അടക്കമുള്ളവർ ഒരു മണിക്കൂറിലേറെ നീണ്ട രാഹുലിന്റെ പ്രസംഗത്തിന് ഇടയിൽ കയറി പ്രതിരോധിക്കാനും ശ്രമിച്ചു.
രാഹുൽ നടത്തിയ വിമർശനത്തെ പ്രതിരോധിക്കാൻ മേദി രണ്ടുതവണ എഴുന്നേറ്റ് നിൽക്കുന്ന അപൂർവ കാഴ്ചക്ക് ലോക്സഭ സാക്ഷ്യം വഹിച്ചു. വിഷയം ഗൗരവമാണെന്നും ഹിന്ദു സമുദായത്തെയാണ് അപമാനിച്ചതെന്നും പറഞ്ഞാണ് പ്രധാനമന്ത്രി ആദ്യമെഴുന്നേറ്റത്. ഹിന്ദുസമൂഹം ഒന്നടങ്കം അക്രമാസക്തരാണെന്ന് പറയുന്നത് ഗൗരവമേറിയ വിഷയമാണെന്ന് മോദി പറഞ്ഞു. എന്നാൽ, താൻ സംസാരിച്ചത് ഭാരതീയ ജനതാ പാർട്ടിയെ കുറിച്ചാണെന്നും രാഷ്ട്രീയ സ്വയംസേവക് സംഘും ബി.ജെ.പിയും മൊത്തം ഹിന്ദു സമുദായമല്ലെന്നും രാഹുൽ തിരിച്ചടിച്ചു.
ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയുന്ന കോടിക്കണക്കിന് ജനങ്ങളുടെ വികാരങ്ങളെയാണ് രാഹുൽ വ്രണപ്പെടുത്തിയതെന്നു അമിത് ഷാ ആരോപണം ഉയർത്തി. സഭയോടും രാജ്യത്തോടും കോൺഗ്രസ് നേതാവ് മാപ്പുപറയണം. അടിയന്തരാവസ്ഥയും സിഖ് കലാപവും ഉയർത്തിക്കാട്ടി,