X

പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായം നല്‍കണം: മോദിക്ക് രാഹുലിന്റെ കത്ത്

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സാമ്പത്തിക സഹായവും ആവശ്യമായ പിന്തുണയും നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേരളത്തിന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ കേരളത്തെ ബാധിച്ച ഏറ്റവും വലിയ ദുരന്തത്തില്‍ ഒട്ടേറെ ആളുകള്‍ മരിച്ചതായും കനത്ത സാമ്പത്തിക നഷ്ടമുണ്ടായതായും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ മലയോര, തീരദേശ ജില്ലകളായ ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.
ഓഖി ദുരന്തത്തില്‍ നിന്ന് കര കയറാത്ത ജനതയെ പ്രളയം കൂടുതല്‍ ദുരന്തത്തിലാക്കും. ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ കേരള സര്‍ക്കാരിന് കേന്ദ്രം നിര്‍ലോഭമായ സഹകരണം ഉറപ്പാക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.
അടിയന്തര പൊതു ഉപയോഗ സംവിധാനങ്ങളായ റോഡുകളും വൈദ്യുതി സംവിധാനങ്ങളും തകര്‍ന്നതു പുനരധിവാസ നടപടികള്‍ അനന്തമായി നീളുന്നതിനു കാരണമാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ കേരളം നേരിടുന്ന വലിയ പ്രതിസന്ധി കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ കഴിഞ്ഞ ദിവസം ഈ വിഷയം രാഹുല്‍ഗാന്ധിയെ ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

chandrika: