രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്കിടെ അപകടത്തില്‍പെട്ട മാധ്യമപ്രവര്‍ത്തകരെയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അപമാനിച്ച് പോസ്റ്റിട്ട് സ്വയം പരിഹാസ്യരായി സൈബര്‍ സഖാക്കള്‍.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ് അന്വേഷിക്കുക പോലും ചെയ്യാതെ ഇത് ഷെയര്‍ ചെയ്യാന്‍ മത്സരിച്ച സി. പി.എം നേതാക്കളും മുഖം നഷ്ടപ്പെട്ട നിലയിലാണ്. സംഭവിച്ചതിന്റെ വീഡിയോ ദൃശ്യം മാധ്യമങ്ങളില്‍ വന്നതോടെയാണ് രാഷ്ട്രീയ ലക്ഷ്യം വെച്ച് ഇവരിട്ട് പോസ്റ്റുകള്‍ ഇവര്‍ക്ക് തന്നെ തിരിച്ചടിയായത്.
ഇതിനിടെ സംഭവം നടക്കുമ്പോള്‍ വാഹനത്തിലുണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്തെത്തിയത് കള്ളപ്രചരണങ്ങള്‍ക്ക് തിരിച്ചടിയായി. കേരള ഭൂഷണിലെ ജേര്‍ണലിസ്റ്റ് സി.വി.ഷിബുവാണ് തന്റെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. അപകടത്തില്‍ ഞങ്ങള്‍ മരിച്ചിരുന്നെങ്കില്‍ അതും നാടകമാക്കുമായിരുന്നോ എന്നു ചോദിച്ചാണ് ഷിബുവിന്റെ കുറിപ്പ്.
ഇതേസമയം മാധ്യമ പ്രവര്‍ത്തകരുടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ റിക്‌സണ്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയി. തോളല്ലിനും വലതു കൈക്കും പരിക്കേറ്റ റിക്‌സന്നെ വെള്ളിയാഴ്ച ഉച്ചയോടെ പ്രത്യേക വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടു പോയത് . ഇതിനിടെ റിക്‌സന്റെ പരിക്കില്‍ ആശ്വസിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത രാഹുലും പ്രിയങ്കയും തുടര്‍ന്നും റിക്‌സന്റ ആരോഗ്യ നിലയെപ്പറ്റി തിരക്കി. പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തപ്പോള്‍ ,ഡല്‍ഹിയിലെത്തിയ പ്രിയങ്ക ഗാന്ധി വ്യാഴാഴ്ച പത്തരയോടെ റിക്‌സണെ ഫോണില്‍ വിളിച്ചും അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി, കെ.പി.സി. സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും വിവരങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ ഇതിനിടെ അപകടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ അവഹേളിക്കുന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നതിലാണ് ശരീരത്തെക്കാള്‍ മനസ്സിന്റെ വേദനയെന്ന് വയനാട് വിടും മുമ്പ് റിക്‌സണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കാനും റോഡ് ഷോയ്ക്കുമായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ഒപ്പം മാധ്യമപ്രവര്‍ത്തകന്റെ ഷൂസ് കൈയ്യിലേന്തിയ പ്രിയങ്ക ഗാന്ധിയും സോഷ്യല്‍ മീഡയിയല്‍ താരമായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട കല്‍പ്പറ്റ നഗരം ചുറ്റിയുള്ള റോഡ് ഷോയുടെ അവസാന നിമിഷമാണ് മാധ്യമപ്രവര്‍ത്തകരെ കയറ്റിയ ട്രക്ക് അപകടത്തില്‍ പെട്ടത്. എസ്‌കഐംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ താത്കാലിക ഹെലിപാഡിന് സമീപമുള്ള പ്രവേശന കവാടം റോഡ് ഷോയുടെ വാഹന വ്യൂഹത്തില്‍ ആദ്യം കടന്നത് മാധ്യമപ്രവര്‍ത്തകരുടെ ട്രക്ക് ആയിരുന്നു. അപ്രതീക്ഷിതമായി ട്രക്കിന്റെ പിന്‍ ചക്രങ്ങള്‍ കുഴിയില്‍വീണാണ് അപകടമുണ്ടായത്. കുഴിയില്‍ വീണ ഉടനെ വാഹനത്തില്‍ ഘടിപ്പിച്ച താത്കാലിക കൈവരിയില്‍ ചാരിനിന്ന മാധ്യമ പ്രവര്‍ത്തകരാണ് പുറത്തേക്ക് തെറിച്ച് വീണത്.
ഇതില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യ എഹെഡ് എന്ന ചാനലിന്റെ കേരള ചീഫ് റിപ്പോര്‍ട്ടര്‍ റിക്‌സണ്‍ എടത്തില്‍ നിലത്ത് വീണ് കിടക്കുന്നത് കണ്ടാണ് പ്രിയങ്ക തുറന്ന വാഹനത്തില്‍നിന്നും ഇറങ്ങിഓടിയെത്തിയത്.
റിക്‌സണ് അരികില്‍ എത്തിയ പ്രിയങ്ക ഗാന്ധി ആദ്യം ചെയ്തത് കാലിലെ ഷൂസ് അഴിച്ച് മാറ്റുകയായിരുന്നു. പിന്നീട് കുടിക്കാന്‍ വെള്ളം നല്‍കി. തുടര്‍ന്ന് ആംബുലന്‍സ് വിളിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രിയങ്കയും ചേര്‍ന്ന് ഡോക്ടറെ വിളിച്ച് വരുത്തി പ്രഥമ ശുശ്രൂഷ നല്‍കിയാണ് ആംബുലന്‍സില്‍ കയറ്റിയത്. സ്ട്രക്ചറില്‍ കയറ്റാന്‍ നേരമാണ് രാഹുല്‍ ഗാന്ധി ഓടിയെത്തിയത്.
പിന്നീട് റിക്‌സണെ കയറ്റിയ സ്ട്രക്ചര്‍ താങ്ങിയത് രാഹുല്‍ ഗാന്ധിയാണ്. ഈ സമയം താന്‍ അഴിച്ചുവച്ച റിക്‌സന്റെ ഷൂസ് പ്രിയങ്ക തപ്പി നടക്കുന്നത് കാണാമായിരുന്നു. ഈ ഷൂസ് കയ്യിലേന്തി പ്രിയങ്ക ആംബുലന്‍സില്‍ എത്തിച്ച് നല്‍കിയ ദൃശ്യങ്ങളാണ് മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
രാഹുലിന്റെ റോഡ് ഷോയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വാഹനത്തിലുണ്ടായിരുന്ന സി.വി.ഷിബു എഴുതുന്നു..
ഇങ്ങനെയൊന്നും രാഷ്ട്രീയം കളിക്കരുത്.
രാഹുല്‍ ഗാന്ധിയുടെ റോഡ് നടക്കുന്നുണ്ടന്നറിഞ്ഞ് നേരത്തെ തന്നെ വയനാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ മീഡിയ പാസിന് ശ്രമിച്ചിരുന്നു. എന്നാല്‍ ചില കമ്യുണിക്കേഷന്‍ ഗ്യാപ് മൂലം മീഡിയാ കാര്‍ക്കുള്ള ട്രക്കിലേക്കുള്ള പാസ് കിട്ടാന്‍ വൈകി. 20 പേര്‍ക്ക് മാത്രമെ ഈ വാഹനത്തില്‍ പാസ് അനുവദിക്കുവെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധി എത്തുന്നതിന് അല്‍പ്പസമയം മുമ്പാണ് വയനാട്ടുകാരായ ഞങ്ങള്‍ അഞ്ച് പേര്‍ക്ക് മാത്രം ( പി.ജയേഷ്, ജംഷീര്‍ കൂളിവയല്‍ ,ഇല്യാസ് പള്ളിയാല്‍, ഷമീര്‍ മച്ചിംങ്ങല്‍, അനൂപ് വര്‍ഗീസ് ,സി.വി. ഷിബു) റെഡ് പാസ് ലഭിക്കുന്നത്. സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് വാഹനത്തില്‍ കയറിയപ്പോള്‍ കല് ചുവട് മാറ്റി ചവിട്ടാന്‍ പോലും പറ്റാത്ത അത്ര തിരക്കായിരുന്നു. നല്ല റിപ്പോര്‍ട്ടിംഗിനും ചിത്രങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും വേണ്ടിയുള്ള സ്വാഭാവിക മത്സരം ഉണ്ടായി എന്നത് ശരിയാണ്. രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക നല്‍കി പുറത്തിറങ്ങുന്നതിന് മുമ്പ് വാഹനത്തിന് സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉണ്ടായി. ബൈപാസ് വഴി പോകുമ്പോള്‍ ഹംമ്പ് ചാടിയപ്പോള്‍ വാഹനത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ തെറിച്ച് വീഴാനും നോക്കി. റോഡ് അവസാനിക്കാറായ എസ്. കെ.എം. ജെ. സ്‌കൂളിന്റെ മുറ്റത്തേക്കുള്ള കവാടം കടന്നപ്പോഴാണ് ട്രക്ക് കുഴിയില്‍ വീണത്.
ഞങ്ങളുടെ വാഹനം വലത്തേക്ക് തിരിച്ചപ്പോള്‍ തൊട്ടുപിന്നാലെ വരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്ള തുറന്ന വാഹനത്തിന്റെ ചിത്രം പകര്‍ത്താന്‍ എല്ലാവരും ട്രക്കിന്റെ വലതുഭാഗത്തേക്ക് മാറിയതിനാല്‍ ആ ഭാഗത്ത് തിക്കും തിരക്കും ഭാരക്കൂടുതലുമുണ്ടായി. അങ്ങനെയാണ് കുഴിയില്‍ വീണ ഉടന്‍ ചെരിഞ്ഞ വാഹനത്തിന്റെ താല്‍കാലിക കൈവരി ( ഇരുമ്പ് പൈപ്പ് കൊണ്ട് വെല്‍ഡ് ചെയ്തായിരുന്നു കൈവരി. ) തകര്‍ന്ന് റിക്‌സണ്‍ ഉള്‍പ്പടെ ആറ് പേര്‍ നിലത്തേക്ക് തെറിച്ച് വീണത്. എനിക്ക് തൊട്ടരികിലായാണ് റിക്‌സണും ഇന്ത്യാ ടുഡേ ചാനലിന്റെ വനിതാ റിപ്പോര്‍ട്ടറും ക്യാമറാമാനും ഉണ്ടായിരുന്നത്. അപകടമുണ്ടായപ്പോള്‍ എന്റെ തലക്ക് മുകളിലൂടെയാണ് റിക്‌സണ്‍ അടക്കമുള്ള നാല് പേര്‍ നിലത്ത് വീണത്. വാഹനം മറിയുകയാണന്ന് കരുതി രണ്ട് പേര്‍ എടുത്ത് ചാടുകയും ചെയ്തു .ഇത്രയും ഭാരം കുറഞില്ലായിരുന്നെങ്കിലും കൈവരി തകര്‍ന്നില്ലായിരുന്നെങ്കിലും ആദ്യം വാഹനത്തിനിടയില്‍പ്പെട്ട് മരിക്കുന്നത് ഞങ്ങള്‍ ആറ് പേര്‍ ആകുമായിരുന്നു. ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് റോഡ് ഷോക്കിടെ ആ വന്‍ അപകടം ഒഴിവായത്. അപകടം നടന്നയുടന്‍ ഓടിയെത്തിയ പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സ്‌നേഹവാത്സല്യങ്ങളും ശുശ്രൂഷയും ഇന്ത്യയിലെ മഴുവന്‍ മാധ്യമപ്രവര്‍ത്തകരോടുമുള്ള അവരുടെ കരുതലും സ്‌നേഹവുമാണ് വ്യക്തമാക്കുന്നത്. ചെറിയ പരിക്കുകള്‍ പറ്റിയവര്‍ പോലും അപകടത്തില്‍ പകച്ച് നിന്നപ്പോള്‍ അവര്‍ ഇരുവരുടെയും സാമീപ്യം പുതിയൊരു ഊര്‍ജ്ജമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചത്.
കൂടുതല്‍ വിവരങ്ങളും നിങ്ങള്‍ നാടകമായി ചിത്രീകരിക്കുന്ന ഷൂസിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഈ ലിങ്കില്‍ കാണാം. ദയവു ചെയ്ത് ഇനിയെങ്കിലും രാഷ്ട്രീയകളിക്കു വേണ്ടി വ്യാജ പ്രചരണങ്ങള്‍ നടത്താതിരിക്കുക.