ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി വര്‍ദ്ധിക്കുന്നതായി എബിപി ന്യൂസ്-ബിഎസ്ഡിഎസ് സര്‍വെ. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാരിനെ കുറിച്ച് അതൃപതി പതിന്മടങ്ങ് വര്‍ദ്ധിച്ചതായും സര്‍വെ പറയുന്നു. 2017 മെയില്‍ 27 ശതമാനമായിരുന്നു അസംതൃപ്തി. 2018 ജനുവരിയില്‍ 40 ആയും ഇപ്പോള്‍ 47 ആയും ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ അസംതൃപ്തരുടെ എണ്ണത്തിലെ വര്‍ദ്ധനവ് 20 ശതമാണ്. കൂടാതെ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുറയുമെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.
മോദി പ്രഭാവം കുറയുന്നതായാണ് മറ്റൊരു വിലയിരുത്തല്‍. മോദിയുടെ ജനപ്രീതിയിലും ഇടിവുണ്ടായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ജനസമ്മദനാണെന്നും സര്‍വെ അഭിപ്രായപ്പെടുന്നു. ജനുവരിയില്‍ മോദിയും രാഹുലും തമ്മില്‍ ജനപ്രീതിയില്‍ 17 ശതമാനത്തിന്റെ അന്തരമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത് 10 ശതമാനമായി കുറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 34 ശതമാനം പേര്‍ മാത്രമാണ് മോദിയെ ചൂണ്ടിക്കാട്ടുന്നത്. 24 ശതമാനം പേര്‍ രാഹുലിനെയാണ് പരിഗണിക്കുന്നത്.
എന്നാല്‍, 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദി തരംഗം തുടരുമെന്നും സര്‍വെ പറയുന്നു. യുപിഎ മുന്നേറ്റം സൃഷ്ടിക്കുന്നതിനൊപ്പം ബിജെപി സഖ്യത്തിന് സീറ്റുകള്‍ കുറയുമെന്നും സര്‍വെ പറയുന്നു.
എന്‍ഡിഎ സര്‍ക്കാരിന്റെ നാല് വര്‍ഷം വിലയിരുത്തുന്നതാണ് സര്‍വെ. ഓരോ മാസവും പ്രതിച്ഛായ കുറയുന്നതായാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയാല്‍ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം ലഭിക്കും. 274 സീറ്റുകളാണ് എന്‍ഡിഎക്ക് ലഭിക്കു. യുപിഎക്ക് 164ഉം മറ്റുള്ളവര്‍ക്ക് 105ഉം സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വെ വ്യക്തമാക്കുന്നു. എന്നാല്‍, 2019ല്‍ മോദി സര്‍ക്കാരിന് ഇനി ഭരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് പറയുന്നവരുമുണ്ട്. സര്‍വെയില്‍ പങ്കെടുത്ത 47 ശതമാനം പേരും മോദി ഇനി അധികാരത്തിലെത്തില്ലെന്നു അഭിപ്രായപ്പെടുന്നു.
തൊഴിലില്ലാഴ്മയെയും വിലവര്‍ദ്ധനവിനെയും വോട്ടര്‍മാര്‍ നിശിതമായി എതിര്‍ത്തിട്ടുണ്ട്. ഭൂരിപക്ഷം ഹിന്ദു സമുദായക്കാരിലും സര്‍ക്കാര്‍ വിരുദ്ധ മനോഭാവമാണെന്നും സര്‍വെയില്‍ പറയുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളാണ് പ്രഭാവത്തിന് മങ്ങലേല്‍പ്പിച്ചത്. നോട്ട് നിരോധനം, തൊഴിലില്ലായ്മ, ജിഎസ്ടി, ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ തുടങ്ങിയവയാണ് സര്‍ക്കാരിന് വെല്ലുവിളിയായത്. ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കു പരാജയമുണ്ടാകുമെന്നും സര്‍വെ വ്യക്തമാക്കുന്നു.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മധ്യപ്രദേശില്‍ 49 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 34 ശതമാനം വോട്ട് ലഭിക്കും. രാജസ്ഥാനിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 44 ശതമാനം വോട്ടുകള്‍. ബിജെപിക്ക് 39ഉം. മധ്യപ്രദേശില്‍ ഭരണവിരുദ്ധ വികാരത്തില്‍ ശിവരാജ് സിങ് ചൗഹാനു പിടിച്ചു നില്‍ക്കാനാവില്ലെന്ന് സര്‍വെ പറയുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഗുണകരമാണ്. സംസ്ഥാന ഘടകത്തിന്റെ ചുമതല മുതിര്‍ന്ന നേതാവ് കമല്‍നാഥിനും പ്രചാരണ ചുമതല ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് കൈമാറുകയും ചെയ്തതോടെ കോണ്‍ഗ്രസ് ശക്തമായ അടിത്തറയിലാണെന്നും സര്‍വെ വ്യക്തമാക്കുന്നു.