X

സി.പി.എം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചരണ വിഡിയോ വന്ന സംഭവം; പരാതി നല്‍കാതെ പാര്‍ട്ടി നേതൃത്വം

പത്തനംതിട്ട സി.പി.എം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചരണ വിഡിയോ വന്ന സംഭവത്തില്‍ പാര്‍ട്ടി ഇനിയും പരാതി നല്‍കിയില്ല. ഹാക്കിങ് എന്ന് ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും അഡ്മിന്‍മാരില്‍ ഒരാളാണ് വിഡിയോ അപ്ലോഡ് ചെയ്തത് എന്ന് വ്യക്തമായി. വീഡിയോ വന്നതോടെ ജില്ലാക്കമ്മിറ്റി അഡ്മിന്‍ പാനല്‍ അഴിച്ചു പണിയുകയും ചെയ്തു. നിലവില്‍ ഉണ്ടായിരുന്ന ചിലരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

പരാതി നല്‍കും എന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്നത്. സംസ്ഥാന നേതൃത്വവും വിവരങ്ങള്‍ തേടിയിരുന്നു. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീഡിയോ പോസ്റ്റ് ചെയ്‌തെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ആരോപിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇനിയും പരാതി നല്‍കിയിട്ടില്ല.

എന്നാല്‍ പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണത്തില്‍ അഡ്മിന്‍ പാനലിലെ ഒരാളാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ അഡ്മിനായ ആളെ പാര്‍ട്ടി താക്കീത് ചെയ്തിരുന്നു. ‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പോടെയാണ് പേജില്‍ വിഡിയോ ഷെയര്‍ ചെയ്തിരുന്നത്. 63000 ഫോളോവേഴ്‌സ് ഉള്ള പേജിലാണ് രാഹുലിന്റെ പ്രചാരണ വിഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ വീടുകള്‍ കയറി പ്രചാരണം നടത്തുന്നതും കുട്ടികളുമായി സൗഹൃദം പങ്കിടുന്നതുമായ വിഡിയോയാണ് ഈ പേജിലെത്തിയത്. 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ വിഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുള്‍പ്പെടെ ഷെയര്‍ ചെയ്തതുമാണ്.

webdesk13: