ജമ്മു: ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര ജമ്മു കശ്മീരില്‍ പ്രവേശിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ലയും ദോഗ്ര സ്വാഭിമാന്‍ സംഘടനാ തലവന്‍ ചൗധരി ലാല്‍ സിങും ചേര്‍ന്ന് ലഖന്‍പൂരില്‍ ജോഡോ യാത്രയെ സ്വീകരിച്ചു. ഭാരത് ജോഡോയാത്രയെ തുടര്‍ന്ന് കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഹുല്‍ സഞ്ചരിക്കുന്ന റൂട്ടുകളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. കനത്ത തണുപ്പിലും കോട്ട് വലിച്ചൂരി രാഹുല്‍.
ഇന്നലെ അതിര്‍ത്തി ഗ്രാമമായ ഹത്‌ലി മോറില്‍ നിന്നാണ് യാത്ര പുനരാരംഭിച്ചത്. ചാറ്റല്‍ മഴ വകവെക്കാതെ നൂറുകണക്കിന് ആളുകളാണ് രാഹുലിനെ വരവേല്‍ക്കാനെത്തിയത്. പരമവീര ചക്ര നേടിയ ക്യാപ്റ്റന്‍ ബനാ സിങ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ യാത്രയില്‍ അണിചേര്‍ന്നു. കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ ഘടകം പ്രസിഡന്റ് വികാര്‍ റസൂല്‍വാനി ഉള്‍പ്പെടെയുള്ള നേതാക്കളും രാഹുലിനെ അനുഗമിച്ചു. തനിക്ക് സ്വദേശത്തേക്കുള്ള മടങ്ങിവരവാണിതെന്ന് രാഹുല്‍ പറഞ്ഞു.
‘ഇവിടുത്തെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അറിയുന്നുണ്ട്. കുനിഞ്ഞ ശിരസുമായാണ് നിങ്ങളുടെ അടുത്തേക്ക് വന്നത്. എന്റെ പൂര്‍വികര്‍ ഈ മണ്ണില്‍ പെട്ടവരായിരുന്നു. തനിക്ക് സ്വദേശത്തേക്കുള്ള മടക്കമാണിത്’- രാഹുല്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശങ്കരാചാര്യര്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തിയ യാത്ര അനുസ്മരിച്ചായിരുന്നു ഫറൂഖ് അബ്ദുല്ലയുടെ പ്രസംഗം.
‘ഇന്ന് രാഹുല്‍ ശങ്കരാചാര്യരുടെ പാത പിന്തുടരുകയാണ് ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ബി.ജെ.പി ആളുകളെ ഭിന്നിപ്പിച്ചു. ഇന്നത്തെ ഇന്ത്യ രാമന്റെ ഭാരതമോ ഗാന്ധിജിയുടെ ഹിന്ദുസ്ഥാനോ അല്ല. നമ്മള്‍ ഒരുമിച്ചാല്‍ വിദ്വേഷം രാഷ്ട്രീയത്തെ മറികടക്കാം’- ഫറൂഖ് അബ്ദുല്ല പറഞ്ഞു. കശ്മീരില്‍ 350 കിലോമീറ്റര്‍ ദൂരമാണ് രാഹുലും സംഘവും കാല്‍നടയായി സഞ്ചരിക്കുക. മൂന്ന് പ്രധാന പൊതുയോഗങ്ങളെയും രാഹുല്‍ അഭിസംബോധന ചെയ്യും. അതേസമയം സെപ്തംബറില്‍ കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ഈമാസം 30ന് ശ്രീനഗറില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും.